തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: ഞെട്ടൽ മാറാതെ നഗരം; ഇടപാടുകാരെല്ലാം ഇതരസംസ്ഥാനക്കാർ, ജീവനെടുത്തത് പണത്തെ ചൊല്ലിയുള്ള തർക്കം
text_fieldsതൃശൂർ: നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭകേന്ദ്രത്തിൽ ഇതരസംസ്ഥാനക്കാരൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ തൃശൂർ. ഒഡീഷ സ്വദേശിയായ ധൻപത് നായിക് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും രണ്ട് പുരുഷൻമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ അസമിലേക്ക് കടന്നതായി കരുതുന്നു.
ഇതരസംസ്ഥാന തൊഴിലാളികളായ മൊഹന്ദി നായിക്, മസുക, റുബീന ബീഗം, നസ്രിൻ അക്താര, നോബി ഹുസൈൻ, മച്ചാനി ഖാതൂർ, ബിച്ചു നായിക് എന്നിവരാണ് പെൺവാണിഭകേന്ദ്രം നടത്തിപ്പുകാർ. ഇവർ വീട് വാടകക്കെടുത്താണ് കേന്ദ്രം നടത്തിയിരുന്നത്. രഹസ്യമായി നടന്നിരുന്ന ഇവിടേക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കു മാത്രമായിരുന്നു പ്രവേശനം. ഒഡീഷക്കാരനാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.
ഈ മാസം പതിനെട്ടിനായിരുന്നു ഇവിടെ പ്രശ്നവും തുടർന്ന് മർദനവും. അന്നാണ് തൃശൂർനഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാർത്തിക്നായിക്, മക്രഹാജി, തൃണാദ് മദാദി, ധൻപതി നായിക് എന്നിവർ ഈ കേന്ദ്രത്തിലെത്തിയത്. തുടർന്ന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഇവർ ഇടപാടുകാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
തർക്കം കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ തിരികെ വിളിച്ച് അകത്തുകയറ്റി നടത്തിപ്പുകാർ ക്രൂരമായി മർദിക്കുകയായിരുന്നു. ധൻപതി നായിക്കിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. എല്ലാവർക്കും നല്ലതോതിൽ മർദനം കിട്ടി. ഇടിവള ഉൾപ്പെടെയുള്ള വസ്തുകൾ ഉപയോഗിച്ചായിരുന്നു മർദനം. സംഭവം പുറത്തറിയാതിരിക്കാൻ ഇവർ അന്ന് ആശുപത്രിയിൽ പോയില്ല. പിറ്റേന്ന് ധൻപത് നായികിെന്റ പരിക്ക് ഗുരുതരമാണെന്ന് കണ്ടാണ് ചികിൽസതേടിയത്. തലച്ചോറിന് ക്ഷതമേറ്റ ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്ച വെളുപ്പിനാണ് മരണപ്പെട്ടത്.
തൃശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിലാണ് അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. നാട്ടുകാർക്ക് സംശയം തോന്നാതിരിക്കാനായി വീടിന്റെ പുറകുവശത്തുകൂടിയായിരുന്നു ഇടപാടുകാരെ കയറ്റിയിരുന്നത്.
സ്വരാജ് റൗണ്ടിന് 50 മീറ്റർ മാത്രം അകലെയായിരുന്നു അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഫ്ലാറ്റുകളും വീടുകളും നിറഞ്ഞ പ്രദേശം പൊതുവെ ശാന്തമാണ്. ഇവിടെ അന്യ സംസ്ഥാനക്കാർ മാത്രം കുടുംബമായി താമസിക്കുകയാണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

