കോൺഗ്രസ് ഗ്രൂപ്പ് പോരിലെ കൊലപാതകം; ലാൽജി കേസിൽ പ്രതികളെ വെറുതെ വിട്ടു
text_fieldsതൃശൂർ: തൃശൂരിൽ യൂത്ത് കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് തൃശൂർ മൂന്നാം അഡീഷനൽ ജില്ല കോടതി ജഡ്‌ജ് ടി.കെ. മിനിമോളുടെ ഉത്തരവ്. അയ്യന്തോൾ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്, രവി, രാജേന്ദ്രൻ, സജീഷ്, ജോമോൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
ഏഴാം പ്രതി രാജേഷ് വിചാരണക്കിടെ മരിച്ചിരുന്നു. 2013 ആഗസ്റ്റ് 16നാണ് അയ്യന്തോൾ പഞ്ചിക്കലിൽ ബൈക്കിലെത്തിയ സംഘം ലാല്‍ജിയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളെ തിരിച്ചറിയുന്നതിൽ അഭാവമുണ്ടായി. ദൃക്സാക്ഷികളായി രേഖപ്പെടുത്തിയ രണ്ട് പേരും കൂറുമാറിയതോടെ പ്രതികളെ ഉറപ്പുവരുത്തുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം സംബന്ധിച്ചും വ്യക്തത വരുത്തുന്നതിൽ പിഴവ് വന്നു. ഇതാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.
അയ്യന്തോൾ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് ന്യൂനപക്ഷ സെൽ ജില്ല കൺവീനറുമായിരുന്നു ലാൽജി കൊള്ളന്നൂര്‍. കോൺഗ്രസ് അയ്യന്തോൾ മണ്ഡലം പ്രസിഡന്റായിരുന്ന മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയതിന്റെ പകവീട്ടലായാണ് ലാൽജിയെ കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് മൂന്ന് മാസത്തിനിടയിലെ രണ്ട് കൊലപാതകങ്ങളായിരുന്നു മധു ഈച്ചരത്തിന്റെയും ലാൽജിയുടെയും. ഏപ്രിലില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത് കോൺഗ്രസ് നേതാവ് മധു ഈച്ചരത്തിനെ വിഷുനാളിൽ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിന് സമീപം കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രതി പ്രേംലാല്‍ എന്ന പ്രേംജിയുടെ ജ്യേഷ്ഠനാണ് ലാല്‍ജി. മധു ഈച്ചരത്ത് ഐ ഗ്രൂപ്പുകാരനും ലാൽജി എ ഗ്രൂപ്പുകാരനുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിന്റെ സമയത്ത് മധുവിന്റെ നോമിനിക്കെതിരെ പ്രേംജി മത്സരിച്ച് ജയിച്ചതോടെ പ്രേംജിയെ വീട്ടിൽ കയറി മധുവും സംഘവും ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രേംജിയുടെ നേതൃത്വത്തിലുള്ള സംഘം മധുവിനെ കൊലപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ലാൽജിക്ക് നേരെയുള്ള പകരം വീട്ടൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.