വിദേശ വനിത കൊല്ലപ്പെട്ട സംഭവം: വിചാരണ ജൂണിൽ
text_fieldsതിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജൂൺ ഒന്നിന് ആരംഭിക്കും. 2019 ജൂൺ 22ന് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിചാരണ നടപടികൾ തുടങ്ങിയില്ല. ഇതേതുടർന്ന് ലിഗയുടെ കുടുംബാംഗങ്ങൾ ഹൈകോടതിയെ സമീപിച്ചതിന് തുടർന്നാണ് വിചാരണ ആരംഭിക്കുന്നത്.
2018 മാർച്ച് 14ന് കോവളത്തുനിന്ന് യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് പ്രതികൾ. പ്രതികൾക്കെതിരായ കുറ്റപത്രം കോടതി വായിച്ചു. വിചാരണ ജൂൺ 21ന് അവസാനിക്കും. ലിഗയുടെ സഹോദരി ഉൾപ്പെടെ 104 സാക്ഷികളെ കോടതി വിസ്തരിക്കും.
2018ലാണ് വിദേശ വനിത സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സക്കെത്തുന്നത്. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യജേന പ്രതികൾ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ കുറ്റിക്കാട്ടിൽ എത്തിച്ചു. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് യുവതിയുടെ ശരീരം കണ്ടൽകാട്ടിലുണ്ടെന്ന് പ്രതികൾ പറയുന്നത്. തുടർന്ന് മൃതദേഹം കണ്ടെത്തി. ഇതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തായ ആൻഡ്രു ഹൈകോടതിയെ സമീപിച്ചിരുന്നു, എന്നാൽ ഹരജി ഹൈകോടതി തള്ളിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.