സംഗീത സംവിധായകൻ ഐ.എം. ഷക്കീർ അന്തരിച്ചു
text_fieldsമട്ടാഞ്ചേരി: പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ.എം ഷക്കീർ (62) നിര്യാതനായി. പിന്നണി ഗായകൻ അഫ്സലിന്‍റ ജ്യേഷ്ഠ സഹോദരനാണ്. ദക്ഷിണേന്ത്യയിലെ ആദ്യകാല ഇലക്ട്രോണിക് റിഥം പ്രോഗ്രാമേഴ്സിൽ പ്രധാനിയായിരുന്ന ഷക്കീർ പ്രശസ്ത കീബോർഡിസ്റ്റ് ജാക്സൺ അരുജയോടോപ്പം ചേർന്ന് ഷക്കീർ ജാക്സൺ എന്ന പേരിൽ ‘ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ’, ‘ഹൗസ് ഓണർ’, ‘സ്വർണമെഡൽ’ എന്നീ ചിത്രങ്ങൾക്ക് ഗാനങ്ങൾ തയാറാക്കിയിട്ടുണ്ട്.
സ്വതന്ത്ര സംഗീതസംവിധായകനായി ‘വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്’ എന്ന ചിത്രത്തിനും നിരവധി ആൽബങ്ങൾക്കും ഭക്തി-മാപ്പിള പാട്ടുകൾക്കും സംഗീതം പകർന്നിട്ടുണ്ട്. കൊച്ചിയിലെ ആദ്യകാല സംഗീത സംവിധായകനായിരുന്ന എസ്.എം. ഇസ്മയിൽ സാഹിബിന്‍റെയും സുഹറയുടെയും അഞ്ചാമത്തെ മകനാണ്.
ചെറുപ്രായത്തിൽതന്നെ കൊച്ചിൻ കലാഭവൻ, കൊച്ചിൻ കോറസ്, കൊച്ചിൻ ആർട്സ് അക്കാദമി തുടങ്ങിയ പ്രശസ്ത ഗാനമേള ട്രൂപ്പുകളിൽ കോംഗോ ഡ്രമ്മർ എന്ന നിലയിൽ തിളങ്ങിയിരുന്നു. പ്രഗല്ഭരായ എല്ലാ പിന്നണി ഗായകരുടെയും ഗാനമേളകളിൽ സജീവ സാന്നിധ്യമായിരുന്ന ഷക്കീർ 1980 മുതൽ തുടർച്ചയായി 12 വർഷക്കാലം യേശുദാസിന്‍റെ ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു.. ഇളയ സഹോദരൻ അൻസാറും ചലച്ചിത്ര പിന്നണി ഗായകനാണ്.
ഭാര്യമാർ: റഹദ, സൗദ. മക്കൾ: ഹുസ്ന, ഫർസാന, സിത്താര, അസീമ, അബ്ദുൽ ഹക്കീം. മരുമകൻ: മുഹമ്മദ് ഷിറാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.