പാഠ്യപദ്ധതി ചട്ടക്കൂടിൽ വിവാദവിഷയങ്ങൾ പൂർണമായും ഒഴിവാക്കണം -മുസ്ലിം നേതൃയോഗം
text_fieldsകോഴിക്കോട്ട് നടന്ന മുസ്ലിം നേതൃസമിതി യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്നു
കോഴിക്കോട്: പാഠ്യപദ്ധതി ചട്ടക്കൂടിൽനിന്ന് വിവാദ വിഷയങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് കോഴിക്കോട്ട് ചേർന്ന മുസ്ലിം നേതൃസമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ചട്ടക്കൂടിലെ ജെൻഡർ സാമൂഹിക നിർമിതിയാണെന്ന പരാമർശം നീക്കംചെയ്യണം.
ധാർമിക മൂല്യങ്ങൾ തകർക്കുന്ന ഭാഗങ്ങളും മതനിരാസ ചിന്താഗതികളും പൂർണമായി ഒഴിവാക്കണം. വിവാദ വിഷയങ്ങൾ ചട്ടക്കൂടിൽനിന്ന് നീക്കംചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർക്കുകയും ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംവരണത്തിന്റെ അടിസ്ഥാനം സാമൂഹികനീതിയാണ്. 103ാം ഭരണഘടന ഭേദഗതിയിലൂടെ സാമ്പത്തികസംവരണം അനുവദിച്ചതുവഴി പിന്നാക്കവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾ ഇല്ലാതാവുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ചാണ് 11 സംസ്ഥാനങ്ങളോട് പൗരത്വനിയമം നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടത്. ഇത് രാജ്യതാൽപര്യത്തിന് എതിരാണ്. പൗരത്വനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണം.
ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് രാജ്യം വീണ്ടും സാക്ഷിയാകും -യോഗം വ്യക്തമാക്കി. പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽനിന്ന് കേരള നദ്വത്തുൽ മുജാഹിദീൻ വിട്ടുനിന്നു.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് പാണക്കാട് തങ്ങൾ കുടുംബത്തെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഭീഷണിമുഴക്കി മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ചാണ് വിട്ടുനിന്നതെന്ന് സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ആമുഖപ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി (മുസ്ലിം ലീഗ്), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ആർ.വി. കുട്ടിഹസ്സൻ ദാരിമി, മുസ്തഫ മുണ്ടുപാറ (സമസ്ത), എം.ഐ. അബ്ദുൽ അസീസ്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), കടക്കൽ അബ്ദുൽ അസീസ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), സി.പി. ഉമർ സുല്ലമി, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കാൽ (മുജാഹിദ് മർകസുദ്ദഅ്വ), പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ടി.കെ. അഷ്റഫ് (വിസ്ഡം), ടി.പി. അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുൽ ഉലമ), പി. ഉണ്ണീൻ, എൻജിനീയർ പി. മമ്മദ് കോയ (എം.എസ്.എസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.