പൊന്മുണ്ടത്ത് കോണി പിടിക്കാൻ കൈയില്ല; സാമ്പാർ മുന്നണിയുമായി കോൺഗ്രസ്
text_fieldsകൽപകഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പൊന്മുണ്ടം പഞ്ചായത്തിലെ മുസ്ലിം ലീഗ്-കോൺഗ്രസ് തർക്കം പരിഹരിക്കാനായില്ല. ‘മുസ്ലിംലീഗ് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ നവ പൊന്മുണ്ടം നിർമിതി’ എന്ന പേരിൽ പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു.
ലീഗിനെതിരെ മത്സരിക്കാൻ എല്ലാ വാർഡുകളിലും സി.പി.എമ്മുമായും മറ്റു പാർട്ടികളുമായി കൈകോർത്ത് ജനകീയ മുന്നണിയുമായാണ് കോൺഗ്രസ് ഇത്തവണ അങ്കത്തിനിറങ്ങുന്നത്. അതിനാൽ കോൺഗ്രസ് ഇത്തവണ കൈപ്പത്തിക്കു പകരം സ്വതന്ത്ര ചിഹ്നങ്ങളിലാണ് മത്സരിക്കുക. മുസ്ലിംലീഗ് സംഘ്പരിവാറിനെപ്പോലെയാണ് പെരുമാറുന്നതെന്നും മുന്നണി പൊളിച്ചത് ലീഗാണെന്നും ജനാധിപത്യ മതേതര പ്ലാറ്റ്ഫോം ഉണ്ടാക്കി മത്സരിക്കുകയാണെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
1969ൽ ഐക്യജനാധിപത്യ മുന്നണി സംവിധാനം നിലവിൽ വന്നെങ്കിലും പൊന്മുണ്ടത്ത് ഇതുവരെ നടന്ന ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽപോലും യു.ഡി.എഫ് മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. യു.ഡി.എഫ് സംവിധാനത്തിൽ ഇത്തവണ മത്സരിക്കണമെങ്കിൽ ഒമ്പതു സീറ്റുകളും രണ്ടര വർഷം പ്രസിഡന്റ് സ്ഥാനവുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ മലപ്പുറത്ത് ചർച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല.
അഞ്ചു സീറ്റ് നൽകാമെന്നും ശക്തിക്കനുസരിച്ച് കോൺഗ്രസ് സീറ്റ് ചോദിക്കണമെന്നുമാണ് ലീഗിന്റെ മറുവാദം. കഴിഞ്ഞ 15 വർഷം തുടർച്ചയായി മുസ്ലിംലീഗാണ് പഞ്ചായത്ത് ഭരണം കൈയാളുന്നത്. കോൺഗ്രസ് പ്രതിപക്ഷത്തുമാണ്.
16 വാർഡുകളിൽ 12 അംഗങ്ങൾ ലീഗിനും നാല് അംഗങ്ങൾ കോൺഗ്രസിനുമാണുള്ളത്. കഴിഞ്ഞ തവണ മുസ്ലിംലീഗ് വെൽഫെയർ പാർട്ടി കൂട്ടുകെട്ടിലൂടെയാണ് കോൺഗ്രസിനെതിരെ മത്സരിച്ചത്. സി.പി.എം ഒറ്റക്കാണ് മത്സരിച്ചത്. രണ്ടു വാർഡുകളാണ് പഞ്ചായത്തിൽ ഇത്തവണ കൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

