ഇന്ത്യയിൽ മറ്റേതൊരു മതേതര പാർട്ടിയേക്കാളും മതേതരമാണ് മുസ്‌ലിം ലീഗ് -കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ മറ്റേതൊരു മതേതര പാർട്ടിയേക്കാളും മതേതരമാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്ന് ഐ.സി.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ. ചെറുപ്പം തൊട്ട് മുസ്‌ലിം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ജീവിച്ച തനിക്കിത് മറ്റാരെക്കാളും നന്നായി അറിയുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി ദരിയാഗഞ്ചിലെ ഖാഇദേ മില്ലത്ത് സെൻററിൽ പ്രഥമ ‘ഇ. അഹമ്മദ് രാഷ്ട്ര നന്മ’ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വേണുഗോപാൽ. 29 തവണ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയ്ക്കുവേണ്ടി സംസാരിച്ച മുൻ വിദേശ സഹമന്ത്രി ഇ. അഹമ്മദിനോട് അദ്ദേഹത്തിന്റെ മരണവേളയിൽ ചെയ്തത് ഒരിക്കലും പൊറുക്കാൻ കഴിയുന്നതല്ലെന്ന് വേണുഗോപാൽ പറഞ്ഞു. ഫലസ്തീനികൾക്കും യാസർ അറഫാത്തിന് ഒപ്പം നിലകൊണ്ട നേതാവായിരുന്നു ഇ. അഹമ്മദ് എന്നും വേണുഗോപാൽ അനുസ്മരിച്ചു.
അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുസ്‌ലിം ലീഗിന്‍റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുകയാണെന്നും വേണുഗോപാൽ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഇ. അഹമ്മദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുസ്‌ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് വേണുഗോപാൽ ഏറ്റുവാങ്ങി. ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ പ്രസിഡന്‍റ് ഖാദർ മൊയ്തീൻ ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ്, ദേശീയ ഉപാധ്യക്ഷൻ അബ്ദുസമദ് സമദാനി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ദേശീയ സെക്രട്ടറിമാരായ അഡ്വ. ഹാരിസ് ബീരാൻ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്‍റ് കരീം ചേലേരി സ്വാഗതവും കെട്ടി സഹദുല്ല നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.