മുസ്‌ലിംലീഗ് നേതാക്കൾ തട്ടിപ്പുകൾക്ക് മറയായി മതാത്മകതയെ ഉപയോഗപ്പെടുത്തുന്നു -കെ.ടി ജലീൽ എം.എൽ.എ
text_fieldsകെ.ടി. ജലീൽ എം.എൽ.എ വാർത്താ സമ്മേളനത്തിനിടയിൽ
ജിദ്ദ: മുസ്‌ലിംലീഗ് നേതാക്കൾ തങ്ങളുടെ തട്ടിപ്പുകൾക്ക് മറയായി മതാത്മകതയെ ഉപയോഗപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഡോ. കെ.ടി ജലീൽ എം.എൽ.എ പറഞ്ഞു. ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗിന്റ മുൻകാല നേതാക്കൾ മതം പറഞ്ഞു രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ആയിരുന്നില്ല. എന്നാൽ തങ്ങളുടെ തെറ്റുകൾ മുഴുവൻ ഒളിപ്പിച്ചുവെക്കാൻ മതാത്മകതയാണ് ഇപ്പോഴത്തെ മുസ്‌ലിംലീഗ് നേതാക്കൾ ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ ധർമം.
മതസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നയാൾ തന്നെ സംസ്ഥാന പ്രസിഡന്റായും ഇരിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ പാർട്ടി മുസ്‌ലിംലീഗ് മാത്രമാണ്. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും കേരളത്തിൽ അങ്ങനെ കാണാൻ കഴിയില്ല. മുസ്‌ലിംലീഗിനെ കൂടുതൽ നന്നാക്കേണ്ടതായിരുന്നു ഈ മതാത്മകത. എന്നാൽ ദൗർഭാഗ്യവശാൽ ലീഗിനെ കൂടുതൽ അത് ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ കാലത്ത് മതവും വിശ്വാസവും പറഞ്ഞുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് മുസ്‌ലിംലീഗ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുൻകാല ലീഗ് നേതാക്കളുടെ കാലത്തൊന്നും തന്നെ മുസ്‌ലിം ലീഗ് ഒരു മതാധിഷ്ടിത പാർട്ടിയായി നിലകൊണ്ടിട്ടില്ല. ഇപ്പോഴത്തെ നേതാക്കന്മാരിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുപോയതാണ് മുസ്‌ലിംലീഗ് ഇന്ന് അനുഭവിക്കുന്ന വലിയ പ്രതിസന്ധി.
ആ പ്രതിസന്ധി മറികടക്കാൻ സമുദായം സമുദായം എന്ന് നിരന്തരം ലീഗുകാർക്ക് പറയേണ്ടിവരികയാണ്. മതാത്മകതയെ കൂടുതൽ പുൽകുകയാണ്. എല്ലാ കാര്യങ്ങളെയും മതത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കിക്കാണാനാണ് ലീഗ് ശ്രമിക്കുന്നത്. ഇത് കേരളത്തിൽ വിവിധ മതക്കാർക്കിടയിൽ കൂടുതൽ ധ്രുവീകരണം ഉണ്ടാക്കും. ഈ നിലപാട് ന്യൂനപക്ഷങ്ങൾക്ക് ഭാവിയിൽ അപകടം വരുത്താനെ ഉപകരിക്കൂ. മുസ്ലിം കുടുംബ ഗ്രൂപ്പുകൾക്കകത്ത് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളും മുസ്‌ലിം ഏകീകരണത്തിനായി ശ്രമങ്ങൾ നടത്തുന്നു. സമാനരീതിയിൽ ആർ.എസ്.എസും ബി.ജെ.പിയും ഹിന്ദുത്വ ഏകീകരണത്തിനായും ശ്രമിക്കുന്നു. ഈ ഇരുഭാഗത്തുമുള്ള വർഗീയ ശ്രമങ്ങൾ എന്ത് വിലകൊടുത്തും ചെറുക്കേണ്ടതുണ്ട്.
കമ്മ്യൂണിസവും ഇസ്‌ലാമും തമ്മിൽ ബന്ധപ്പെടുന്നതാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. കമ്മ്യൂണിസ്റ്റുകളെയും മുസ്‌ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും ഒന്നാകെ ശത്രുപക്ഷത്ത് നിർത്തി എങ്ങിനെ അവരെ രാജ്യത്ത് നിന്ന് ആട്ടി ഓടിക്കാമെന്ന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാർ ശക്തികൾ. അതിനെതിരെ മതനിരപേക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് അതിനെ ദുർബലമാക്കുകയായിരിക്കും മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ കൊണ്ടുള്ള ഫലം.
കേരളത്തിൽ തികഞ്ഞ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന സി.പി.എമ്മിനെ വർഗീയ ചാപ്പ കുത്തി സംഘികളാക്കാനാണ് മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിനെ വർഗീയ ചാപ്പ കുത്തി മാറ്റിനിർത്തിയിട്ട് പിന്നെ വേറെ ആരെയാണ് മതനിരപേക്ഷ പക്ഷത്ത് ഇക്കൂട്ടർ നിർത്താൻ ആഗ്രഹിക്കുന്നതെന്ന് കെ.ടി ജലീൽ എം.എൽ.എ ചോദിച്ചു. അതേസമയം മുസ്‌ലിംലീഗ് ഒരു വർഗീയപാർട്ടിയാണോയെന്ന ചോദ്യത്തിന് മുസ്‌ലിംലീഗ് ഒരു സാമുദായിക പാർട്ടിയാണെന്നും എന്നാൽ അതിലെ ചില നേതാക്കൾക്ക് വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുണ്ടെന്നും അദ്ദേഹം മറുപടി നൽകി. ജിദ്ദ നവോദയ നേതാക്കളായ കിസ്മത്ത് മമ്പാട്, ശ്രീകുമാര്‍ മാവേലിക്കര, സി.എം.അബ്ദുറഹിമാന്‍ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.