മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്; സോണിയ ഗാന്ധി അടക്കം ഇൻഡ്യ മുന്നണി നേതാക്കൾ പങ്കെടുക്കും
text_fieldsഡൽഹിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം
ന്യൂഡൽഹി: രൂപവത്കരണത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഡൽഹി ദരിയാഗഞ്ചിൽ സ്വന്തമായി പണിത ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റർ’ ഉദ്ഘാടനം ഇന്ന്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി അടക്കം മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കിയ വിപുലമായ ഉദ്ഘാടന സമ്മേളനത്തിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കം ഇൻഡ്യ മുന്നണി നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ളവരും പങ്കെടുക്കും. ‘വോട്ടുതട്ടിപ്പ്: ജനാധിപത്യത്തിന്റെ മരണം’ വിഷയത്തിൽ സുപ്രീംകോടതി മുതിർന്ന അഭിഭാഷകനും എം.പിയുമായ കപിൽ സിബൽ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനായി 3,000 ത്തോളം മുസ്ലിം ലീഗ് പ്രതിനിധികൾ ഡൽഹിയിലെത്തി.
അഞ്ചു നിലകളിലായുള്ള സമുച്ചയത്തിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫിസുകൾ, പോഷക സംഘടന ഓഫിസുകൾ, മീറ്റിങ് ഹാളുകൾ, വർക്ക് സ്പേസ്, കൊമേഴ്സ്യൽ സ്പേസ്, ബോർഡ് റൂം, കോൺഫറൻസ് ഹാൾ, പബ്ലിക് ഹാൾ, ഡൈനിങ് ഏരിയ, പ്രാർഥന മുറി എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഓരോ മുസ്ലിം ലീഗ് പ്രവർത്തകന്റെയും ചിരകാല അഭിലാഷമാണ് പൂവണിയുന്നതെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ഡൽഹി കേരള ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഡൽഹിയിൽ ദേശീയ ആസ്ഥാന മന്ദിരം വരുന്നതോടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സേവന പ്രവർത്തനങ്ങളും വിപുലപ്പെടുത്താൻ കൂടുതൽ സൗകര്യമാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
നിലവിൽ മുസ്ലിം ലീഗ് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ അവരോടൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനിറങ്ങുമെന്നും ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.