അൻവറിനെ തള്ളാതെ മുസ്ലിം ലീഗ്
text_fieldsകോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം പി.വി. അൻവറിനെ തള്ളാതെ മുസ്ലിം ലീഗ്. പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസ് നേതൃത്വം അൻവർ അടഞ്ഞ അധ്യായമാണെന്ന് പറയുമ്പോഴും ലീഗ് നേതാക്കൾ കരുതലോടെയാണ് പ്രതികരിച്ചത്. നിലമ്പൂർ ഫലം തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കുള്ള ചൂണ്ടുപലകയായതിനാൽ മുന്നണി വിപുലപ്പെടുത്തുകയും സമാന ചിന്താഗതിക്കാരെ സഹകരിപ്പിക്കുകയും വേണമെന്ന അഭിപ്രായമാണ് ലീഗ് നേതാക്കൾക്ക്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചർച്ച ചെയ്യാനും തദ്ദേശതെരഞ്ഞെടുപ്പിനുള്ള ഒരുക്കം വിലയിരുത്താനും ലീഗ് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും എം.എൽ.എമാരുടെയും യോഗം വെള്ളിയാഴ്ച മലപ്പുറത്ത് ചേരുന്നുണ്ട്. യോഗത്തിൽ അൻവർ ഫാക്ടറും ചർച്ചയാകും. ഇക്കാര്യത്തിൽ പരസ്യമായ അഭിപ്രായ പ്രകടനത്തിന് ലീഗ് മുതിരില്ല. അടുത്ത യു.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ചക്കുവന്നാൽ ലീഗ് നിലപാട് വ്യക്തമാക്കും.
പി.വി. അൻവർ ഒരു ഫാക്ടറാണെന്നും അദ്ദേഹത്തെ മുന്നണിയിൽ എടുക്കണമോ എന്ന കാര്യം യു.ഡി.എഫ് ചർച്ച ചെയ്യുമെന്നുമായിരുന്നു ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ പ്രതികരിച്ചതെങ്കിൽ നിലമ്പൂരിൽ അൻവറിന്റെ സ്വാധീനം നിസ്സാരമായി കാണുന്നില്ലെന്നായിരുന്നു ഡോ. എം.കെ. മുനീർ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും അൻവർ അടഞ്ഞ അധ്യായമാണെന്ന് പറയുമ്പോഴാണ് ലീഗ് നേതാക്കളുടെ അൻവറിനോടുള്ള അനുഭാവപ്രകടനമെന്നത് ശ്രദ്ധേയമാണ്.
നിലമ്പൂർ തെരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് ചേർന്ന യു.ഡി.എഫ് യോഗം പി.വി. അൻവറിനെ യു.ഡി.എഫിനോട് സഹകരിപ്പിക്കുന്നതിന് പച്ചക്കൊടി കാട്ടിയിരുന്നു. ഇക്കാര്യം അൻവറിനെ അറിയിക്കുകയും ചെയ്തു. ഹൈകമാൻഡിന്റെ അനുമതിക്കുശേഷം മാത്രം പ്രഖ്യാപിക്കാമെന്നായിരുന്നു അൻവറിനെ അറിയിച്ചത്. എന്നാൽ, തീരുമാനമായി ആഴ്ചകൾ പിന്നിട്ടിട്ടും പ്രഖ്യാപനമുണ്ടാകാത്തതിനെ തുടർന്നാണ് അൻവർ പാണക്കാട് സാദിഖലി തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും സമീപിച്ചത്.
വി.ഡി. സതീശന്റെ കടുംപിടിത്തവും അതിനോടുള്ള അൻവറിന്റെ രൂക്ഷ പ്രതികരണവും കാര്യങ്ങൾ മാറ്റിമറിച്ചതോടെ കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ചർച്ചകളിൽനിന്ന് പിന്മാറുകയും ചെയ്തു. പിന്നീടാണ് അൻവർ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതും മണ്ഡലത്തിലെ തന്റെ സ്വാധീനം വ്യക്തമാക്കുന്ന വോട്ടുകൾ സമാഹരിക്കുകയും ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ അൻവറിന്റെ സ്വാധീനം നിലമ്പൂരിൽ ഗുണം ചെയ്യുമെന്നതിനാൽ അദ്ദേഹത്തെ തള്ളാൻ ലീഗ് തയാറാവില്ല. ജനവികാരം സർക്കാറിന് എതിരാക്കുന്നരീതിയിൽ നിലമ്പൂർ തെരഞ്ഞെടുപ്പിന് കളമൊരുക്കിയതിന്റെ കാരണക്കാരൻ അൻവറായതിനാലും മുന്നണി വിപുലീകരണം യു.ഡി.എഫ് അജണ്ടയായതിനാലും അൻവറിനെ ഉൾക്കൊള്ളണമെന്ന അഭിപ്രായമാണ് ലീഗ് ഉന്നയിക്കുക. ഇക്കാര്യത്തിൽ ലീഗിന്റെ അഭിപ്രായം തള്ളാൻ കോൺഗ്രസ് നേതൃത്വം തയാറാകില്ലെന്നതാണ് അൻവറിന്റെയും പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.