‘എളേമ്മയുടെ മകനാണ് പി.എം.എ സലാം, ആര് പറഞ്ഞാലും ഞാൻ മത്സരിക്കും’ -സീറ്റ് കൊടുത്തില്ല; പി.എം.എ. സലാമിന്റെ വാർഡിൽ ലീഗിന് വിമത സ്ഥാനാർഥി
text_fieldsകാലൊടി സുലൈഖ, പി.എം.എ. സലാം
തിരൂരങ്ങാടി: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ വാർഡിൽ ലീഗ് വിമത മത്സരരംഗത്ത് തുടരും. വനിതലീഗ് നേതാവും തിരൂരങ്ങാടി നഗരസഭ ഉപാധ്യക്ഷയുമായ കാലൊടി സുലൈഖയാണ് വിമതയായി ഡിവിഷൻ 25 മേലേചിനയിൽ മത്സരിക്കുന്നത്.
പി.എം.എ സലാം തന്റെ എളേമ്മയുടെ മകനാണെന്നും തന്നോട് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും സുലൈഖ പറഞ്ഞു. എന്നാൽ, ആര് പറഞ്ഞാലും താൻ മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും തനിച്ചുള്ള പോരാട്ടമാണെന്നും അവർ വ്യക്തമാക്കി.
മുമ്പ് വിമത സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ മത്സരിച്ച് പഞ്ചായത്ത് അംഗമായ സുലൈഖയുടെ മത്സരം ലീഗിന് തലവേദനയാവുമെന്ന് ഉറപ്പായി. തിരൂരങ്ങാടി നഗരസഭയിൽ ഇത്തവണ അധ്യക്ഷ പദവി വനിത സംവരണമാണ്. ഇതിനിടെ അധ്യക്ഷപദവിയിലേക്ക് സുലൈഖയുടെ പേരും ഉയർന്നിരുന്നു.
അതിനിടെയാണ് ലീഗിലെ പടലപ്പിണക്കത്തെ തുടർന്ന് കാലൊടി സുലൈഖ, സ്ഥിരംസമിതി അധ്യക്ഷൻ സി.പി ഇസ്മായിൽ, ഒന്നാം വാർഡ് കൗൺസിലർ സമീന മൂഴിക്കൽ എന്നിവർക്ക് സീറ്റ് നിഷേധിച്ചത്. ഇതോടെയാണ് സുലൈഖ വിമതയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇവിടെ ലീഗ് സ്ഥാനാർഥി സി.പി ഹബീബ ബഷീർ പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

