വയനാട് പുനരധിവാസ ഭൂമി നിയമക്കുരുക്കിൽ; ലീഗിൽ ആശങ്ക, പി.കെ. ബഷീറിന് നേതൃത്വത്തിന്റെ രൂക്ഷവിമർശനം
text_fieldsമലപ്പുറം: വയനാട് മുണ്ടക്കൈ- ചൂരല്‍മല പുരനധിവാസത്തിനായി പ്രഖ്യാപിച്ച ഭവനപദ്ധതിക്കായി വാങ്ങിയ ഭൂമി നിയമക്കുരുക്കിൽപ്പെട്ടതിൽ മുസ്ലിംലീഗിൽ കടുത്ത ആശങ്ക. വിഷയം സി.പി.എം രാഷ്ട്രീയമായി ഏറ്റെടുത്ത സാഹചര്യത്തില്‍, പാർട്ടിക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് നേതൃത്വം. ഭൂമിക്ക് മേലുള്ള നിയമക്കുരുക്ക് മറികടക്കാൻ ലീഗ് നേതൃത്വം അടിയന്തരമായി നിയമോപദേശം തേടി. പദ്ധതിക്ക് ലീഗ് ചുമതപ്പെടുത്തിയ ഉപസമിതിയുടെ കണ്‍വീനറായ പി.കെ ബഷീർ എം.എൽ.എയുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായതായി പാർട്ടിയിൽ വിമർശനമുയർന്നു. ജനങ്ങളില്‍ നിന്ന് 40 കോടി പിരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഇടപാടില്‍ ആവശ്യമായ ജാഗ്രത പി.കെ ബഷീർ കാണിച്ചില്ലെന്ന വിലയിരുത്തലിലാണ് ഉന്നത നേതാക്കൾ.
പി.കെ. ബഷീർ ചെയർമാനായ അഞ്ചംഗ ഉപസമിതിയിൽ മുൻ എം.എൽ.എ സി. മമ്മുട്ടി, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, സെക്രട്ടറി ടി.പി.എം ജിഷാൻ എന്നിവരാണുള്ളത്. മുട്ടിൽ-മേപ്പാടി റോഡിനോട് ചേർന്ന 11 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നടപടികള്‍ക്കും നേതൃത്വം നല്‍കിയത് പി.കെ ബഷീറാണ്. അതീവ ഗൗരവമുള്ളതും പാർട്ടിയുടെ അഭിമാന പ്രശ്നവുമായ വിഷയം ബാലിശമായാണ് ഉപസമിതി കൈകാര്യം ചെയ്തതതെന്ന വിലയിരുത്തലിലാണ് നേതാക്കൾ. ഈ സാഹചര്യം സൃഷ്ടിച്ചതിലുള്ള കടുത്ത അതൃപ്തി, നേതാക്കൾ പി.കെ. ബഷീറിനെ അറിയിച്ചിട്ടുണ്ട്. നേരത്തേ സർക്കാറുമായി ചേർന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ലീഗിന്റെ തീരുമാനമെങ്കിലും സർക്കാറിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് തനിച്ച് നടപ്പാക്കാനാണ് പിന്നീട് തീരുമാനിച്ചത്. ഇതനുസരിച്ച്, ഭൂമി വാങ്ങി അതിവേഗം പുനരധിവാസ നടപടികളിലേക്ക് കടക്കാനായിരുന്നു തീരുമാനം.
പാർട്ടിക്കും യു.ഡി.എഫിനും അഭിമാനമായി മാറേണ്ടിയിരുന്ന പുരധിവാസ പദ്ധതി നിയമക്കുരുക്കില്‍പെട്ട് രാഷ്ട്രീയ ബാധ്യതയാകുമോയെന്ന ആശങ്ക പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്കുണ്ട്. നിയമക്കുരുക്കഴിക്കാൻ സമയം വേണ്ടിവരുമെന്നതിനാൽ പദ്ധതി വൈകുമെന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്. വയനാട് തൃക്കൈപ്പറ്റ വില്ലേജില്‍ പുനരധിവാസത്തിന് വാങ്ങിയ 11 ഏക്കറിലെ ഒരു ഭാഗം കാപ്പിത്തോട്ടം തരംമാറ്റിയതെന്നാണ് വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോർഡ് ഭൂവുടമകളില്‍ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. ലാന്‍ഡ് ബോർഡില്‍ രേഖകള്‍ സഹിതം ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്.
ഒരു ആശയക്കുഴപ്പവുമില്ല -പി.കെ. ബഷീർ
മലപ്പുറം: വയനാട് പുനരധിവാസത്തിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് പി.കെ. ബഷീർ എം.എൽ.എ. നേതാക്കളുമായി ആലോചിച്ചാണ് എല്ലാ തീരുമാനവുമെടുത്തത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച്, എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് ഭൂമി വാങ്ങിയത്. റോഡോരത്ത് പദ്ധതിക്ക് അനുയോജ്യമെന്ന് കണ്ടെത്തിയ കണ്ണായ സ്ഥലമാണ് വാങ്ങിയത്. അതുകൊണ്ടാണ് സെന്റിന് ഒരു ലക്ഷത്തിന് മുകളിൽ വിലയായത്. തോട്ടഭൂമിയല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പദ്ധതി നടക്കരുതെന്ന് ഉദ്ദേശമുള്ളവരാണ് കുപ്രചാരണങ്ങൾക്ക് പിന്നിൽ. ആര് പരാതി നൽകിയാലും അധികൃതർ നോട്ടീസ് അയക്കും. അതുമാത്രമേ സംഭവിച്ചിട്ടുള്ളു. റവന്യൂ വകുപ്പ് നടത്തുന്ന ഹിയറിങ്ങിൽ എല്ലാ രേഖകളും ഹാജരാക്കി മറുപടി നൽകുമെന്നും പി.കെ. ബഷീർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.