സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുസ്ലിം രാഷ്ട്രീയത്തിന് മതരാഷ്ട്രവാദ ചാപ്പ
text_fieldsകൊല്ലം: കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെയാകെ മതരാഷ്ട്രവാദ മുദ്രകുത്തി സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ട്. ആദ്യദിനം ചർച്ചക്കായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ കേരളത്തിലെ മുസ്ലിം രാഷ്ട്രീയം പുതിയതലത്തിലേക്ക് നീങ്ങുകയാണെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചിരുന്ന മുസ്ലിം ന്യൂനപക്ഷം വർഗീയതയിലേക്ക് നയിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ന്യൂനപക്ഷം വർഗീയവത്കരിക്കപ്പെടുന്നതിന് ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ സംഘടനകളെയാണ് സി.പി.എം പ്രതിക്കൂട്ടിൽ നിർത്തുന്നത്.
ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദികളെന്ന് വിളിക്കുമ്പോൾ എസ്.ഡി.പി.ഐക്ക് നൽകുന്ന വിശേഷണം ഭീകരവാദ സംഘടന എന്നാണ്.
ഇവ രണ്ടുമായും സഖ്യം ചേർന്നുവെന്ന് കുറ്റപ്പെടുത്തി മുസ്ലിം ലീഗിനുമേലും വർഗീയ മുദ്രപതിക്കുന്നുമുണ്ട്. മലപ്പുറത്ത് ഉൾപ്പെടെ മതനിരപേക്ഷ മുസ്ലിംകൾക്കിടയിൽ സി.പി.എം സ്വാധീനം വർധിക്കുന്നത് തടയുകയാണ് മുസ്ലിം ലീഗ്, മതരാഷ്ട്രവാദികളുമായി കൈകോർക്കുന്നതിന്റെ പശ്ചാത്തലമായി സി.പി.എം വിശദീകരിക്കുന്നത്. ന്യൂനപക്ഷ വർഗീയ കൂട്ടുകെട്ടിന്റെ ഗുണഭോക്താവായി കോൺഗ്രസ് മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫലസ്തീൻ, ഏകസിവിൽകോഡ് തുടങ്ങിയ വിഷയങ്ങളിൽ സി.പി.എം സ്വീകരിച്ച നിലപാടും ഇടപെടലുകളും പാർട്ടിയുടെ ഭൂരിപക്ഷ വോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുകാൻ കാരണമാകുന്നുവെന്ന് നേരത്തേ സി.പി.എം വിലയിരുത്തിയിരുന്നു. ലോക്സഭ തോൽവി അവലോകനം ചെയ്തപ്പോൾ ആ നിലയിലുള്ള അഭിപ്രായങ്ങളാണ് പാർട്ടി ഘടകങ്ങളിൽ ഉയർന്നത്. ഭൂരിപക്ഷ വോട്ടുബാങ്ക് പിടിച്ചുനിർത്താൻ ജാഗ്രത വേണമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ സംസ്ഥാനത്തെ മുസ്ലിം പശ്ചാത്തലമുള്ള രാഷ്ട്രീയ ശക്തികളെയാകെ വർഗീയതയുടെ കരിനിഴലിലേക്ക് മാറ്റിനിർത്തുന്നത്.
കേരള സമൂഹത്തെ ജാതീയമായി പിളർത്തിയ ശേഷം വർഗീയമായി ഏകോപിക്കുകയെന്ന തന്ത്രമാണ് കേരളത്തിൽ ആർ.എസ്.എസ് നടത്തുന്നതെന്നും പ്രവർത്തന റിപ്പോർട്ട് വിലയിരുത്തുന്നു. എന്നാൽ, ബി.ജെ.പിയോട് കൈകോർത്തുകഴിഞ്ഞ ബി.ജെ.ഡി.എസ് പോലുള്ളവർക്കെതിരെ നേർക്കുനേർ ആക്രമണം നടത്തുന്നില്ല. അതേസമയം, ക്രിസ്ത്യാനികൾക്കിടയിൽ മുസ്ലിം വിരോധം പടർത്താൻ ‘കാസ’ നടത്തുന്ന നീക്കങ്ങൾക്കെതിരെ സി.പി.എം മുന്നറിയിപ്പ് നൽകുന്നു.
ന്യൂനപക്ഷ വർഗീയതകൾ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കുകയെന്ന ആർ.എസ്.എസ് തന്ത്രമാണ് ‘കാസ’ക്ക് പിന്നിലെന്നും പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.