മുസ്ലിംകൾ വഖഫ് സ്വത്ത് നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ; കൈയേറ്റം അനുവദിക്കരുതെന്ന് കാന്തപുരം
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ
കോഴിക്കോട്: രാജ്യത്തെ മുസ്‌ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ. ഈ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആശങ്ക അകറ്റാൻ മുന്നോട്ടുവരണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
വിഷയത്തെ കുറിച്ച് ആലോചിക്കുകയും വിവരമുള്ള ആളുകളോട് ചോദിക്കുകയും ചെയ്യണം. അതനുസരിച്ച് മാത്രം എല്ലാവരും പ്രവർത്തിച്ച് മുന്നോട്ടു പോകണം. വഖഫ് സ്വത്തുക്കൾ കൈയേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികൾ അനുവദിക്കരുതെന്നും കാന്തപുരം വ്യക്തമാക്കി.
നേരത്തെ, കേന്ദ്ര സർക്കാറിന്‍റെ വിവാദ വഖഫ് ബില്ലിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ ബഹുസ്വര, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവർക്കിടയിൽ വിവേചനവും അനീതിയുമാണ് ഈ ബില്ല് സൃഷ്ടിക്കുക. ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ് ബില്ല്. ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ അപകടപ്പെടുത്താനും വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ഇതിന് പിന്നിൽ.
വിവിധ മതങ്ങളോടും അവരുടെ ആചാരങ്ങളോടുമുള്ള പരസ്പര ബഹുമാനമാണ് രാജ്യാന്തര തലത്തിൽ നമ്മുടെ രാഷ്ട്രത്തിന്‍റെ എക്കാലത്തെയും മികവ്. ഇന്ത്യയിലെ ഈ ഐക്യവും പരസ്പര സ്നേഹവും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കാന്തപുരം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.