പാംപ്ലാനി അവസരവാദിയെന്ന് എം.വി ഗോവിന്ദൻ: ‘കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപിക്കെതിരെ പറഞ്ഞു, ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതി’
text_fieldsകണ്ണൂര്‍: തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ ബി.ജെ.പിക്കെതിരെ പറഞ്ഞ പാംപ്ലാനി, ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവരെ സ്തുതിച്ചതായി അദ്ദേഹം പറഞ്ഞു. അച്ഛന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയയതായും എം.വി. ഗോവിന്ദന്‍ പറഞ്ഞു
ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്‍ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാൻ പോകുന്നില്ല. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മുഴുവൻ അപകടാവസ്ഥയിലാണ്. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി വർഗീയത തന്നെ. കമ്യൂണിസ്റ്റുകാരും യുക്തിവാദികളും മാത്രം ഒന്നിച്ചാൽ രാജ്യത്തെ രക്ഷിക്കാൻ ആകില്ല. വിശ്വാസികളെല്ലാം വർഗീയവാദികൾ അല്ല, വർഗീയവാദികൾക്ക് വിശ്വാസവും ഇല്ല എന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പാംപ്ലാനി പിതാവിന് ഹിറ്റ്ലറുടെ ആദ്യ കാല ചെയ്തികളെ അനൂകൂലിച്ച പാസ്റ്റർ നിയോ മുള്ളറുടെ അവസ്ഥ വരുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. നിയോ മുള്ളറെ ഒരുഘട്ടം കഴിഞ്ഞപ്പോൾ ഹിറ്റ്ലർ പിടിച്ച് ജയിലിലിട്ടു. ഏതാണ്ട് അഞ്ചുവര്‍ഷക്കാലത്തോളം നിയോ മുള്ളറെന്ന പാസ്റ്റര്‍ക്ക് ജയിലിൽ കിടക്കേണ്ടിവന്നു. അപ്പോഴാണ് നിയോ മുള്ളര്‍ക്ക് ബോധോദയം ഉണ്ടായത്. അതുവരെ മുള്ളർക്ക് ഹിറ്റ്ലര്‍ നല്ലവനായിരുന്നു. ഏതാണ്ട് പാംപ്ലാനി പിതാവ് എല്ലാം നിയോ മുള്ളറുടെ അവസ്ഥയിലേക്ക് വരും എന്നതിൽ തർക്കമില്ല -വി.കെ. സനോജ് പറഞ്ഞു.
ചില പിതാക്കൻമാരിപ്പോൾ ആർ എസ് എസിന് കുഴലൂത്തു നടത്തുകയാണ്. കേക്കുമായിട്ട് ആർഎസ്എസ് ശാഖകളിലേക്ക് കടന്നു വരുന്ന ആളുകൾ, കേക്കുമായിട്ട് പള്ളിയുടെ അരമനയിലേക്ക് കടന്നുപോകുന്നവർ പരസ്പരം പരവതാനി വിരിക്കുന്നു. പരസ്പരം ആശ്ലേഷിക്കുന്നു. ആരെയാണ് ഇവര്‍ പൊട്ടന്മാരാക്കുന്നതെന്നും വികെ സനോജ് ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.