Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സമൂഹത്തിന്‍റെ പൊതുമുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന പ്രസ്താവന ആരു നടത്തിയാലും യോജിക്കാനാകില്ല’; കാന്തപുരത്തെ തള്ളി എം.വി. ഗോവിന്ദൻ

text_fields
bookmark_border
‘സമൂഹത്തിന്‍റെ പൊതുമുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന പ്രസ്താവന ആരു നടത്തിയാലും യോജിക്കാനാകില്ല’; കാന്തപുരത്തെ തള്ളി എം.വി. ഗോവിന്ദൻ
cancel

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങളെ തള്ളി സി.പി.എം സംസ്ഥാന കമ്മിറ്റിയും. സമൂഹത്തിന്റെ പൊതുമുന്നേറ്റത്തെ ദുർബലപ്പെടുത്തുന്ന പ്രസ്താവന ആരു നടത്തിയാലും സി.പി.എമ്മിന്റെ നിലപാട് അതിനോട് യോജിക്കുന്നതല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

സ്ത്രീ-പുരുഷ സമത്വം വളരെ വലിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. മാത്രമല്ല, ഇക്കാര്യം ഭരണഘടന ഉറപ്പുനൽകുന്നതുമാണ്. കേരളത്തിലെ പകുതിയോളം വരുന്ന പഞ്ചായത്തുകളിലും തദ്ദേശസ്ഥാപനങ്ങളിലും ഭരണസാരഥ്യത്തിൽ സ്ത്രീകളാണ്. കുടുംബശ്രീയിലൂടെ ലോകംതന്നെ ശ്രദ്ധിച്ച ഏറ്റവും വലിയ സ്ത്രീമുന്നേറ്റത്തിന് നേതൃത്വം കൊടുത്ത നാടാണ് കേരളം. ആധുനിക കേരളത്തിന് യോജിക്കാത്ത പരാമർശങ്ങൾ മതസമൂഹത്തിന്റെ ഭാഗമായി വരുമ്പോൾ ശക്തിയായി പ്രതിഷേധിക്കാനും പരാമർശിക്കാനുമുള്ള അവകാശം പൊതുസമൂഹത്തിനുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നേരത്തെ, കാന്തപുരത്തിന്‍റെ പ്രസ്താവനയെ തള്ളിയും കടുത്ത ഭാഷയിൽ വിമർശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി രംഗത്തുവന്നിരുന്നു. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നതടക്കമുള്ള കാന്തപുരത്തിന്റെ പ്രസ്താവന ബേബി തള്ളി. ‘‘മതങ്ങൾ നിർഭാഗ്യവശാൽ സ്‌ത്രീ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. കാന്തപുരത്തിന്‍റെ പ്രതികരണം അതിന്‍റെ ഭാഗമാണ്. ആർ.എസ്.എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. സ്ത്രീകളെല്ലാം വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണമെന്നും അവർ പുറത്തിറങ്ങി നടക്കുന്നതിനാലാണ് അതിക്രമങ്ങളുണ്ടാകുന്നതെന്നുമാണ് ആർ.എസ്.എസിന്‍റെ തലവൻ മോഹന്‍ ഭാഗവത് പറഞ്ഞത്. ഏതാണ്ട് ഇതേ സ്വരത്തിലും സമാന രൂപത്തിലുമാണ് കാന്തപുരത്തിന്റെയും പ്രസ്താവന. ഇത് ഭരണഘടന മൂല്യങ്ങൾക്കും നിയമവ്യവസ്ഥക്കും എതിരാണ്’’-എം.എ. ബേബി പറഞ്ഞു.

മതശാസനക്കല്ല, ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യം. ഭരണഘടനാ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിന്‍റെ പ്രസ്താവന. അതിനാൽ അദ്ദേഹം സ്വയം പരിശോധിക്കണമെന്നും ബേബി അഭിപ്രായപ്പെട്ടു. അതേസമയം, കണ്ണൂരിലെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലെ പ്രസംഗവുമായി ബന്ധപ്പെട്ട് പിണറായിയെ പിന്തുണക്കുകയാണ് ഗോവിന്ദൻ ചെയ്തത്. ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഏതെങ്കിലും ഒരുഭാഗം മാത്രമെടുത്ത് ഇതാണ് കാര്യം എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് കണ്ണൂരിൽ നാല് യോഗങ്ങളിലാണ് പങ്കെടുത്തത്. നാലിടത്തും കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്. നാലിടത്തും കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. വി. കുഞ്ഞികൃഷ്ണന്റെയും ടി.കെ. ഗോവിന്ദന്റെയും നിലപാടുകളെ ശക്തമായി വിമർശിച്ച ഭാഗത്താണ് ജനങ്ങൾ ഇവരെ അത്രത്തോളം പൂർണമായി മനസ്സിലാക്കാനായില്ലെന്ന് പിണറായി പറഞ്ഞത്.

പയ്യന്നൂരിൽ പാർട്ടി വോട്ട് പോലും മാറിചെയ്തിട്ടുണ്ട്. അതിൽ പുതിയ കാര്യമൊന്നുമില്ല. ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നത് സംബന്ധിച്ചായിരുന്നു പിണറായിയുടെ പ്രസംഗത്തിന്റെ ആദ്യഭാഗം. ജനം തെറ്റിദ്ധരിക്കപ്പെട്ടെന്നത് ശരിയാണ്. വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് കൃത്യമായി കാര്യങ്ങൾ പാർട്ടി പരിശോധിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. 10 വർഷത്തെ ഭരണത്തിൽ പാർട്ടിക്കാർ അഹങ്കാരികളായി മാറിയെന്ന തോമസ് ഐസകിന്റെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ, അതുകൊണ്ടെന്താ വേണ്ടത് എന്നായിരുന്നു ഗോവിന്ദന്റെ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M.V. Govindan distances himself from Kanthapuram
Next Story