ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമല്ല, കഴിഞ്ഞ അധ്യായം- എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പാർട്ടി എന്നും വിശ്വാസികൾക്കൊപ്പമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും അതങ്ങിനെ തന്നെയായിരിക്കും. ശബരില സ്ത്രീ പ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നാണ് പറഞ്ഞത്, അടഞ്ഞ അധ്യായമെന്ന് പറഞ്ഞിട്ടില്ലെന്നും എം.ഗോവിന്ദൻ വ്യക്തമാക്കി. കോടതി വിധിയും കോടതിവിധിയുടെ ഭാഗമായി വന്ന കാര്യങ്ങളുമാണ്. അതിലേക്ക് ഇപ്പോള്‍ കടന്നുപോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെമ്പഴന്തിയിൽ സംഘടിപ്പിച്ച അജയൻ രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. വിശ്വാസികളെ ചേർത്ത് വർഗീയതയെ പ്രതിരോധിക്കാനാണ് ശ്രമം. അതിൻറെ ഭാഗം കൂടിയായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. അല്ലാതെ ചിലർ പറയുന്നത് പോലെ വർഗീയതക്ക് വളം വെച്ചുകൊടുക്കാനല്ല.
സമൂഹത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികളല്ലാത്ത ആളുകൾ കേരളത്തിൽ എത്രപേരുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസികൾ ഉൾപ്പെടെയുള്ളതാണ് സമൂഹം. ഓരോരുത്തർക്കും അവരുടെ നിലപാട് സ്വീകരിക്കാം. ഒരു ഇന്ത്യൻ പൗരന് മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നു. ഈ നിലപാടാണ് സി.പി.എമ്മിനുമുള്ളത്. ആഗോള അയ്യപ്പ സംഗമത്തിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിശ്വാസികൾ വർഗീയവാദികളല്ല, വർഗീയവാദികൾ രാഷ്ട്രീയ അധികാരത്തിനുള്ള ചവിട്ടുപടിയായി വിശ്വാസത്തെ ഉപയോഗിക്കുകയാണ്. ഇതിനെ ചെറുക്കാൻ മുന്നിട്ടിറങ്ങേണ്ടവർ വിശ്വാസികളാണ്. അവരാണ് വർഗീയതക്ക് പ്രതിരോധം തീർക്കുന്നതും. ഈ സാഹചര്യത്തിൽ വിശ്വാസികൾക്കൊപ്പം നിലകൊള്ളുകയാണ് പാർട്ടി നിലപാട്.
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് നൽകുന്ന സംരക്ഷണം കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കില്ല. ഇനിയും മൃഗീയമായ വിവരങ്ങൾ പുറത്ത് വരാനുണ്ട് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്ത്രീവിരുദ്ധ നിലപാടിനെതിരായി കേരളം ശക്തമായി പ്രതികരിക്കും. ഇരയായ പെൺകുട്ടി മാനസികാവസ്ഥ തെറ്റിയ നിലയിലാണ് നേരിൽ കണ്ട മാധ്യമപ്രവർത്തക വരെ പറഞ്ഞു. കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. സസ്പെൻഷൻ ഉൾപ്പെടെ അതാണ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇതേക്കുറിച്ച് നല്ല ധാരണ ജനങ്ങൾക്കുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.