തൊഴിലുറപ്പ് പദ്ധതി ബിൽ ‘ഗോഡ്‌സേ ബില്ലെ’ന്ന് എം.വി. ജയരാജൻ: ‘മഹാത്മാഗാന്ധിയെ വീണ്ടും വധിക്കുന്നു’
text_fieldsകണ്ണൂർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റാനുള്ള ബിൽ ഗോഡ്‌സേ ബില്ലാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജൻ. മഹാത്മാഗാന്ധിയെ വീണ്ടും വധിക്കുകയും ഗ്രാമീണ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നതിനാലാണ് പുതിയ ബില്ലിനെ ഗോഡ്‌സേ ബില്ലെന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2005ലാണ് ഇടതുപക്ഷ ഇടപെടലിനെ തുടർന്ന് ഒന്നാം യു.പി.എ. സർക്കാർ ഗ്രാമീണജനതയുടെ ഉന്നമനം ലക്ഷ്യമാക്കി തൊഴിലുറപ്പ് പദ്ധതി നിയമം കൊണ്ടുവന്നത്. പദ്ധതിയുടെ മുഴുവൻ തുകയും കേന്ദ്രമാണ് അന്നുമുതൽ ചെലവഴിച്ചുവരുന്നത്. ബിജെപി കൊണ്ടുവരുന്ന പുതിയ നിയമമനുസരിച്ച് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കേണ്ടത്. ഒന്നരലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 55000 കോടി രൂപ സംസ്ഥാനങ്ങൾ ചെലവഴിക്കണം. കേരളം പ്രതിവർഷം ഏകദേശം 2000 കോടി രൂപയുടെ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരും -അദ്ദേഹം ചൂണ്ടിക്കാട്ടി.
2014ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിക്കുന്ന തുക ഓരോ വർഷവും വെട്ടിക്കുറച്ചു. കഴിഞ്ഞ 5 വർഷമായി കേരളത്തിൽ മാത്രം 25000 കോടി രൂപയാണ് കുറച്ചത്. അനുവദിച്ച തുകയിൽ 9200 കോടി രൂപ കുടിശ്ശികയുമുണ്ട്. മാത്രമല്ല, തൊഴിലാളികളെ ദ്രോഹിക്കുന്ന ജിയോടാഗ് ഫോട്ടോകൾ പോലുള്ള നിയമങ്ങളും കൊണ്ടുവന്നു. തൊഴിലാളികളെ അക്ഷരാർത്ഥത്തിൽ വലക്കുകയായിരുന്നു കേന്ദ്രസർക്കാർ. ചുരുക്കത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ പൂർണ്ണമായും തകർക്കുന്ന ഒന്നാണ് നിർദ്ദിഷ്ട ബിൽ. ഗാന്ധിജിയെ ഇല്ലാതാക്കിയ ആർഎസ്എസ് പരിശീലകൻ ഗോഡ്‌സേയുടെ പേരിലായിരിക്കും ബിജെപി സർക്കാരിന്റെ പുതിയ നിയമത്തെ ചരിത്രം അടയാളപ്പെടുത്തുക -ജയരാജൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വികസിത ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ & അജീവിക മിഷൻ (വിബി-ജി റാം ജി) ബില്ലുമായി രംഗത്തിറങ്ങിയ ബിജെപി മഹാത്മാഗാന്ധിയെ വീണ്ടും വധിക്കുകയും ഗ്രാമീണ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് പുതിയ ബില്ലിനെ ഗോഡ്‌സേ ബില്ലെന്ന് വിശേഷിപ്പിച്ചത്.
2005ലാണ് ഇടതുപക്ഷ ഇടപെടലിനെ തുടർന്ന് ഒന്നാം യു.പി.എ. സർക്കാർ ഗ്രാമീണജനതയുടെ ഉന്നമനം ലക്ഷ്യമാക്കി തൊഴിലുറപ്പ് പദ്ധതി നിയമം കൊണ്ടുവന്നത്. പദ്ധതിയുടെ മുഴുവൻ തുകയും കേന്ദ്രമാണ് അന്നുമുതൽ ചെലവഴിച്ചുവരുന്നത്. ബിജെപി കൊണ്ടുവരുന്ന പുതിയ നിയമമനുസരിച്ച് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കേണ്ടത്. ഒന്നരലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 55000 കോടി രൂപ സംസ്ഥാനങ്ങൾ ചെലവഴിക്കണം. കേരളം പ്രതിവർഷം ഏകദേശം 2000 കോടി രൂപയുടെ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരും.
2005ലെ നിയമത്തിൽ പദ്ധതി നിർത്തിവെക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ല. പുതിയ നിയമത്തിൽ തിരക്കേറിയ കാർഷിക സീസണിൽ മുൻകൂർ വിജ്ഞാപനം ഇറക്കി തൊഴിൽദിനം കുറക്കാം. മാത്രമല്ല, തൊഴിൽ കൊടുത്തില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം സംസ്ഥാനം നൽകണം. കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന വിജ്ഞാപനം വഴി മാത്രമേ വിവിധ മേഖലകളിൽ തൊഴിൽദിനം അനുവദിക്കാവൂ. അധികാരം മുഴുവൻ കേന്ദ്രത്തിനും സാമ്പത്തിക ബാധ്യത സർക്കാരുകൾക്കും. 2014ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിക്കുന്ന തുക ഓരോ വർഷവും വെട്ടിക്കുറച്ചു. കഴിഞ്ഞ 5 വർഷമായി കേരളത്തിൽ മാത്രം 25000 കോടി രൂപയാണ് കുറച്ചത്. അനുവദിച്ച തുകയിൽ 9200 കോടി രൂപ കുടിശ്ശികയുമുണ്ട്. മാത്രമല്ല, തൊഴിലാളികളെ ദ്രോഹിക്കുന്ന ജിയോടാഗ് ഫോട്ടോകൾ പോലുള്ള നിയമങ്ങളും കൊണ്ടുവന്നു. തൊഴിലാളികളെ അക്ഷരാർത്ഥത്തിൽ വലക്കുകയായിരുന്നു കേന്ദ്രസർക്കാർ. ചുരുക്കത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ പൂർണ്ണമായും തകർക്കുന്ന ഒന്നാണ് നിർദ്ദിഷ്ട ബിൽ. ഗാന്ധിജിയെ ഇല്ലാതാക്കിയ ആർഎസ്എസ് പരിശീലകൻ ഗോഡ്‌സേയുടെ പേരിലായിരിക്കും ബിജെപി സർക്കാരിന്റെ പുതിയ നിയമത്തെ ചരിത്രം അടയാളപ്പെടുത്തുക.
എം.വി. ജയരാജൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

