അച്ചടക്കനടപടിയുടെ ഫയൽ കിട്ടി; പുറത്തുവിടുമെന്ന് പ്രശാന്ത്
text_fieldsതിരുവനന്തപുരം: തനിക്കെതിരെയുള്ള അച്ചടക്കനടപടിയുടെ ഫയൽ വിവരാവകാശ നിയമപ്രകാരം കിട്ടിയെന്ന് അവകാശപ്പെട്ടും ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ വീണ്ടും വിമർശനമുയർത്തിയും സസ്പെൻഷനിലുള്ള ഐ.എ.എസ് ഓഫിസർ എൻ. പ്രശാന്ത്. സാധാ നിയമബിരുദധാരികളായ നമുക്കൊന്നും മനസ്സിലാക്കാൻ സാധിക്കാത്ത അതിസങ്കീർണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തിൽ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണെന്ന് പ്രശാന്ത് ആരോപിക്കുന്നു.
‘ഫേസ്ബുക്കിൽ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കിൽ സർക്കാർ ചെലവിൽ ഉപദ്രവിക്കും എന്ന പ്രത്യേക പവറാണെന്നും’ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട പൊതുഭരണ വകുപ്പ് ഫയലിന്‍റെ ആമുഖ പേജിന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പ്. ഫയലിൽ ആരൊക്കെ എന്തൊക്കെ എഴുതി എന്നത് പുറത്തുവിടുമെന്ന സൂചനയും കുറുപ്പിലുണ്ട്.
‘മറ്റൊരു തൊഴിൽ മേഖലയിലും ലഭിക്കാത്ത തിരുവായ്ക്ക് എതിർ വായില്ലായ്മ’ എന്ന അവസ്ഥ ഡോ. ജയതിലകിന് പതിച്ച് നൽകിയത് ആര്? ആരുത്തരവിറക്കി? ഫയലിൽ ആര്, എങ്ങനെ, എന്ത് എഴുതി? അറിവ്, വിദ്യാഭ്യാസം, നീതിബോധം, സത്യസന്ധത, ആർജവം, ഇതൊക്കെ ഫയലിൽ വാരിവിതറുന്നതെങ്ങനെ എന്ന് ഫയൽ കുറിപ്പുകളിലൂടെ കാണാമെന്ന് പ്രശാന്ത് പറയുന്നു. അച്ചടക്കനടപടിയുടെ ഫയൽ പരസ്യപ്പെടുത്തണമെന്നാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകളെല്ലാം ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.