യു.ജി.സി കരട് റെഗുലേഷനെതിരായ ദേശീയ കൺവെൻഷൻ: ഭൂരിഭാഗം വൈസ് ചാൻസലർമാരും വിട്ടുനിന്നു
text_fieldsയു.ജി.സി കരട് റെഗുലേഷനെതിരായ ദേശീയ കൺവെൻഷനിൽ മുഖ്യമന്ത്രി സംസാരിക്കുന്നു
തിരുവനന്തപുരം: യു.ജി.സി കരട് റെഗുലേഷനെതിരെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ദേശീയ കൺവെൻഷന്റെ നടത്തിപ്പിൽ രാജ്ഭവൻ കേന്ദ്രീകരിച്ച് രണ്ട് വൈസ് ചാൻസലർമാർ നടത്തിയ നീക്കത്തെ തുടർന്ന് ഭൂരിഭാഗം വൈസ് ചാൻസലർമാരും പങ്കെടുത്തില്ല. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ. സുഷമ മാത്രമാണ് കൺവെൻഷനെത്തിയത്. സ്ഥലത്തില്ലാത്തതിനാൽ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദ്കുമാർ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള മുഴുവൻ സർവകലാശാല വൈസ് ചാൻസലർമാർക്കും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നേരിട്ട് ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാൽ കേരള, കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ്, കാലടി, ഓപൺ, സാങ്കേതിക സർവകലാശാലകളിലെ വി.സിമാർ കൺവെൻഷന് എത്തിയില്ല. കൺവെൻഷൻ യു.ജി.സി റെഗുലേഷനെതിരെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയും ഇതിൽ പങ്കെടുക്കുന്നതിൽ ഉപദേശം തേടിയും കേരള വി.സിയുടെ ചുമതലയുള്ള ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഗവർണർക്ക് കത്തയച്ചിരുന്നു.
രജിസ്ട്രാർമാർക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അയച്ച കത്തിൽ കൺവെൻഷൻ യു.ജി.സിക്കെതിരെയാണെന്ന് പരാമർശിച്ചതായും മോഹനൻ കുന്നുമ്മൽ ഗവർണറെ അറിയിച്ചിരുന്നു. കൺവെൻഷനിൽ പങ്കെടുക്കുന്നതിൽ പല വി.സിമാരും രാജ്ഭവനിൽനിന്ന് അഭിപ്രായം തേടിയിരുന്നെങ്കിലും സ്വന്തം നിലക്ക് തീരുമാനമെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് ആരിഫ് മുഹമ്മദ്ഖാൻ ഗവർണറായിരിക്കെ സർക്കാർ നിർദേശം തള്ളി വി.സിമാരുടെ ചുമതല നൽകിയവർ ഒന്നടങ്കം കൺവെൻഷനിൽനിന്ന് വിട്ടുനിന്നത്.
കൺവെൻഷനിൽ പങ്കെടുക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ച രണ്ട് വി.സിമാർ രാജ്ഭവനിൽ നടത്തിയ ഇടപെടലാണ് പങ്കെടുക്കാനിരുന്ന മറ്റ് നാല് വി.സിമാർ വിട്ടുനിൽക്കാൻ കാരണമായത്.
വ്യവസ്ഥകൾ അധികാര ലംഘനമന്ന് കൺവെൻഷൻ; ഫെഡറലിസത്തിന്റെ അന്തസ്സത്തക്ക് ഹാനികരം
തിരുവനന്തപുരം: റെഗുലേഷൻ വ്യവസ്ഥകൾ പലതും യു.ജി.സിക്കുള്ള അധികാരങ്ങളുടെ ലംഘനമാണെന്ന് കേരളം സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ അംഗീകരിച്ച പ്രമേയം. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ വിവേചനരഹിതമായി ഭീഷണിയിലൂടെ അടിച്ചേൽപിക്കാനുള്ള നീക്കം ഏകാധിപത്യപരവും ഫെഡറലിസത്തിന്റെ അന്തസ്സത്തക്ക് ഹാനികരവുമാണ്. സംസ്ഥാന സർവകലാശാലകളുടെ മുഖ്യനിക്ഷേപകർ എന്ന നിലയിൽ, സംസ്ഥാന സർക്കാറുകൾക്ക് അവയുടെ ഭരണപരമായ വശങ്ങൾ നിർണയിക്കുന്നതിൽ പ്രധാന പങ്ക് നൽകണം.
സംസ്ഥാന സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളുടെ ഭരണമേധാവികളെന്ന നിലയിൽ വൈസ്ചാൻസലർ നിയമനത്തിൽ സർക്കാറിന് പ്രധാന പങ്ക് നൽകണം. വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്കുള്ള അധികാരം പൂര്‍ണമായും യു.ജി.സിയുടെ കൈയിലാവുന്നത് ചരിത്രത്തിലുണ്ടായിട്ടില്ല. അക്കാദമിക് യോഗ്യതയില്ലാതെ വ്യവസായ, വാണിജ്യ മേഖലകളിലെ പശ്ചാത്തലം പരിഗണിച്ച് വി.സി നിയമനം നടത്തിയാൽ അത് വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തിന് വഴിവെക്കും. എൻട്രൻസ് നിർബന്ധമാക്കുന്നത് പ്രവേശന അനുപാതം ഉയർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.