കാസർകോട് ദേശീയപാതയിൽ മണ്ണിടിച്ചിൽ: നിർമാണ കമ്പനിക്കെതിരെ നടപടി
text_fieldsന്യൂഡൽഹി: ദേശീയപാത 66 കാസര്‍കോട് ബേവിഞ്ചയിൽ റോഡിന്‍റെ സുരക്ഷാഭിത്തി തകർന്ന സംഭവത്തിൽ കരാർ ഏറ്റെടുത്ത കമ്പനിക്കെതിരെ നടപടിയുമായി ദേശീയപാത അതോറിറ്റി. കാസർകോട് രണ്ടാമത്തെ റീച്ചായ ചെങ്കളമുതൽ നീലേശ്വരംവരെയുള്ള നിർമാണകരാർ എടുത്ത മേഘ എൻജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനെതിരെയാണ് ഭാവിയിൽ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയതടക്കമുള്ള നടപടി സ്വീകരിച്ചത്.
വീഴ്ചവരുത്തിയതിന് കമ്പനിക്ക് ഒമ്പതുകോടി രൂപ പിഴയടക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകി. അശാസ്ത്രീയ രൂപകൽപന, ഡ്രെയ്നേജ് സംവിധാനത്തിലെ അപാകത, സംരക്ഷണഭിത്തി നിര്‍മാണത്തിലെ അപാകത തുടങ്ങിയ കാര്യങ്ങള്‍മൂലമാണ് തകര്‍ച്ചയുണ്ടായതെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ദേശീയപാതയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി അപകടമേഖല സന്ദര്‍ശിക്കുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശം നൽകുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ചയാണ് ബേവിഞ്ചയിൽ രണ്ടിടത്ത് സുരക്ഷ ഭിത്തി തകർന്നുവീണത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.