ദേശീയപാത നിർമാണ നിരോധനം: ഹർത്താലും ലോങ് മാർച്ചും ജൂലൈ 31ന്
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നിർമാണ നിരോധനത്തിനെതിരെ ജൂലൈ 31ന് ദേശീയപാത കോഡിനേഷൻ കമ്മറ്റിയുടെ ഹർത്താലും ലോങ് മാർച്ചും. ആറാം മൈലിൽ നിന്ന് നേര്യമംഗലത്തേക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന ലോങ് മാർച്ചും ദേവികുളം താലൂക്കിൽ ഹർത്താലും നടത്തുമെന്ന് കോഡിനേഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വനം വകുപ്പും പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥ ലോബിയും നടത്തിയ തന്ത്രപരമായ നീക്കത്തിന്റെ ഫലമായി നേര്യമംഗലം മുതൽ വാളറ വരെ ദേശീയപാത 85ലെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. റവന്യൂ രേഖകളനുസരിച്ച് റോഡിന്റെ മധ്യത്തിൽ നിന്ന് ഇരുവശത്തേക്കും 50 അടി വീതം ആകെ100 അടി വീതിയിലുള്ള ഭൂമി പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണ്. ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി നിലനിൽക്കെ കേരള സർക്കാറിനും ചീഫ് സെക്രട്ടറിക്കും വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഈ ഭാഗം വനമാണെന്ന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധിയുണ്ടായതും പ്രവർത്തനങ്ങൾ തടസപ്പെട്ടതും.
പൊതുമരാമത്ത് വകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ അഭിഭാഷകർ ഇത് സംബന്ധിച്ച് കോടതിയിൽ ഹാജരാകുകയോ സത്യവാങ്‌മൂലം സമർപ്പിക്കുകയോ ചെയ്യാത്തതാണ് വികസനം തടസപ്പെടുന്ന വിധിക്ക് കാരണം. സർക്കാർ ഇടപെട്ട് യഥാർഥ രേഖകൾ കോടതിയിൽ ഹാജരാക്കി നിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഹർത്താലും ലോങ് മാർച്ചും നടത്തുന്നത്.
വിവിധ മത സാമുദായിക, കർഷക സംഘടനകളും രാഷ്ട്രീയപാർട്ടികളും വ്യാപാരികളും ഓട്ടോ, ടാക്സി, ബസ് തൊഴിലാളികളും സംയുക്തമായാണ് ഹർത്താൽ നടത്തുവാനും ആറാം മൈലിൽ നിന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുൻപിലേക്ക് ലോങ് മാർച്ചും പ്രതിഷേധ ധർണയും നടത്താനും തീരുമാനിച്ചത്.
രാവിലെ 9.30ന് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അടിമാലി ടൗണിൽ എത്തിച്ചേരുന്ന സമരക്കാർ ആറാം മൈലിലേക്ക് വാഹനറാലിയായി പുറപ്പെടുന്നതായിരിക്കും.10.30ന് ആറാം മൈലിൽ നിന്ന് ആയിരക്കണക്കിന് ബഹുജനങ്ങൾ പങ്കെടുക്കുന്ന ലോങ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. 12.30ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുമ്പിൽ വമ്പിച്ച ധർണാ സമരം നടക്കും.
വനം വകുപ്പിന്റെയും പരിസ്ഥിതി സംഘടനകളുടെയും ജനവിരുദ്ധ നിലപാടുകൾ തുറന്നു കാണിക്കുന്നതിനും ജനവികാരം സർക്കാറിനെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് സമരം. ബഹുജനപ്രക്ഷോഭത്തിൽ ദേവികുളം താലൂക്കിലെ മുഴുവൻ വ്യാപാരികളും കടകൾ അടച്ചും തൊഴിലാളികൾ പണിമുടക്കിയും വാഹനങ്ങൾ നിരത്തിലിറക്കാതെയുമാണ് സമരം നടത്തുന്നതെന്ന് കോഡിനേഷൻ കമ്മറ്റി ഭാരവാഹികളായ റസാഖ് ചുരവേലി, ബെന്നി കോട്ടക്കൽ, രാജീവ് പ്ലാമൂട്ടിൽ, സന്തോഷ് മാധവൻ, കെ.കെ. രാജൻ, കെ. കൃഷ്ണമൂർത്തി, നവാസ് ഹൈടെക് എന്നിവർ അറിയിച്ചു.
നേരത്തെ, ദേശീയപാതയുമായി ബന്ധപ്പെട്ട് യു.ഡി.എഫും എൽ.ഡി.എഫും ഹർത്താലും വിവിധ പ്രക്ഷോഭ പരിപാടികളും നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.