ദേശീയപാത: പണി പൂർത്തിയായി മാസത്തിനുള്ളിൽ കമ്പി പുറത്ത്
text_fieldsകാഞ്ഞങ്ങാട്: ദേശീയപാതയിൽ മാവുങ്കാൽ മേൽപാലത്തിൽ പണി പൂർത്തിയായി മാസത്തിനുള്ളിൽ കമ്പി പുറത്ത്. വ്യാഴാഴ്ച രാവിലെയാണ് പാലത്തിന്റെ മധ്യഭാഗത്തായി മീറ്ററുകളോളം ടാർ അടർന്ന് കമ്പികൾ പുറത്തേക്ക് കാണുന്ന നിലയിൽ ഇളകിയതായി യാത്രക്കാർ കണ്ടത്. ആദ്യ മഴയിൽതന്നെ മേൽപാലത്തിൽ തകരാർ കണ്ടത് യാത്രക്കാരിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കി. വിള്ളലുണ്ടാകുമോ എന്ന ഭീതിയിലാണിവർ.
നിലവിൽ പാലത്തിന് ചോർച്ചയില്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ രണ്ടു മാസമായി പണി പൂർത്തിയായ പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് തടഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച ദേശീയപാത തകർന്ന കല്യാൺ റോഡിൽനിന്ന് 200 മീറ്റർ അകലെയാണ് മാവുങ്കാൽ പാലം.
റോഡ് തകരാൻ കാരണം കളിമണ്ണ്- ദേശീയപാത അതോറിറ്റി
കൊച്ചി: കളിമണ്ണ് കലർന്ന മണ്ണ് മൂലമാണ് ദേശീയപാത ഇടിഞ്ഞുതാഴാൻ കാരണമായതെന്ന് ദേശീയപാത അതോറിറ്റി ഹൈകോടതിയിൽ. കരാറുകാരന്റെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത്. ഭൂമിയുടെ സ്ഥിതി മനസിലാക്കാതെ നിർമാണം നടത്തുകയായിരുന്നു.
വയൽ പ്രദേശത്തെ മണ്ണും ദുർബലമായിരുന്നു. അടിയിലുള്ള മണ്ണിന് സംരക്ഷണ ഭിത്തിയുടെ ഭാരം താങ്ങാൻ കഴിയാതെ വന്നത് രാമനാട്ടുകര-വളാഞ്ചേരി മേഖലയിലും തകർച്ചക്ക് കാരണമായി. മഴ വന്നതോടെ ഇരുവശത്തുമുണ്ടായ വെള്ളക്കെട്ടും വെള്ളമൊഴുക്കും സ്ഥലത്തിന്റെ പ്രത്യേകതയും ചില ഭാഗങ്ങൾ താഴ്ന്ന് പോകാൻ ഇടയാക്കിയെന്നും അതോറിറ്റി കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
സംഭവം നടന്നതിന് തൊട്ടു പിന്നാലെ രണ്ടംഗ വിദഗ്ധ സമിതി വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. തകർന്ന ഭാഗങ്ങൾ വേഗം പുനർനിർമിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള നടപടികൾ സ്വീകരിച്ചു. കരാറുകാരെയും എൻജിനീയറിംഗ് കൺസൾട്ടൻസി കമ്പനിയെയും തുടർ കരാറുകളിൽ നിന്ന് വിലക്കി.
വ്യക്തിപരമായ ചുമതല വഹിച്ച ചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കരാറുകാരുടെ ചെലവിലായിരിക്കും പരിഹാര നടപടികൾ സ്വീകരിക്കുക. ഇക്കാര്യത്തിൽ മാർഗ നിർദേശം പുറപ്പെടുവിക്കും. ഗതാഗതം തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അറിയിച്ചു. വിശദമായ റിപ്പോർട്ട് പിന്നീട് സമർപ്പിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, മണ്ണിന്റെ അവസ്ഥയും ഭൂപ്രകൃതിയുടെ ഘടനയും സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് ധാരണയുണ്ടാകേണ്ടതല്ലേ എന്ന് ഹരജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള വൈദഗ്ധ്യം കോടതിക്കില്ല. എന്നാൽ, ജനങ്ങൾ വർഷങ്ങളായി യാത്രാ ദുരിതം സഹിച്ച് പ്രതീക്ഷയോടെ ദേശീയ പാത വരുന്നത് കാത്തിരിക്കുകയാണ്.
അവരുടെ താൽപര്യം ദേശീയ പാത അതോറിറ്റി തിരിച്ചറിയണമെന്നും കോടതി പറഞ്ഞു. തുടർന്ന് ഹരജി വീണ്ടും ജൂൺ അഞ്ചിന് പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.