'ഉയർന്ന നഷ്ടപരിഹാരം ദുരന്തബാധിതരുടെ അവകാശമല്ല'; സർക്കാർ നൽകുന്ന വീട് ജീവകാരുണ്യ പദ്ധതിയുടെ ഭാഗം, ആർഭാടം ആവശ്യപ്പെടാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഉയർന്ന നഷ്ടപരിഹാരം പ്രകൃതി ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈകോടതി. മനുഷ്യത്വപരമായി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഏറ്റവും മികച്ചത് ഒരുക്കുകയെന്നത് സർക്കാറിന്റെ ബാധ്യതയായി കാണാനാവില്ല. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി സർക്കാർ നിർമിച്ചുനൽകുന്ന വീടും നഷ്ടപരിഹാരത്തുകയും അപര്യാപ്തമാണെന്ന പരാതി തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ നിരീക്ഷണം. നഷ്ടപരിഹാരമായി 40-50 ലക്ഷം രൂപ വേണമെന്നായിരുന്നു വയനാട് ദുരന്തബാധിതരുടെ പ്രതിനിധിയെന്നവകാശപ്പെട്ട് ഉപഹരജി നൽകിയ ബൈജു മാത്യൂസിന്റെയും സാബു സ്റ്റീഫന്റെയും ആവശ്യം.
വയനാട്ടിലേത് പ്രകൃതിദുരന്തമാണെന്നും മനുഷ്യ നിർമിതമായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനിരയായവർക്ക് സുരക്ഷിത ജീവിത സാഹചര്യമൊരുക്കുകയെന്നതാണ് ടൗൺഷിപ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലഭ്യമായ തുകയും ഭൂമിയും അർഹരായവർക്ക് തുല്യമായി ലഭ്യമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഏതാനും വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ല. ദുരന്തത്തിൽ വീടും കൃഷിയുമൊക്കെ നശിച്ചെങ്കിലും ആ ഭൂമി ഉടമസ്ഥർക്കുതന്നെയുള്ളതാണ്.
സർക്കാർ നൽകുന്ന വീട് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമാണ്. ഇക്കാര്യത്തിൽ ആർഭാടം വേണമെന്ന് ആവശ്യപ്പെടാനാവില്ല. വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ മനുഷ്യത്വപരമായ പ്രായോഗികതക്കാണ് ഈ ഘട്ടത്തിൽ പ്രധാന്യം. ടൗൺഷിപ്പിൽ വീടോ വീട് വേണ്ടാത്തവർക്ക് സ്വന്തം നിലക്ക് വാങ്ങാൻ പണമോ നൽകുന്നുണ്ട്. ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാരമായി ഇതിനെ കാണണം. മറ്റ് ദുരന്തമേഖലകളിലുള്ളവർക്കും പുനരധിവാസമൊരുക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. മുൻ ദുരന്തങ്ങളിൽ നിർമിച്ചുനൽകിയ വീടുകൾക്ക് ഉറപ്പില്ലെന്നും ചോർച്ചയുണ്ടെന്നുമുള്ള വാദം തള്ളിയ കോടതി, ഊരാളുങ്കൽ സൊസൈറ്റിയെ ഒഴിവാക്കി പൊതുമരാമത്തിനെ വീടുകളുടെ നിർമാണം ഏൽപിക്കണമെന്ന ആവശ്യത്തെയും വിമർശിച്ചു. ടെൻഡർ നൽകാതെ ഊരാളുങ്കലിന് കരാർ നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ അത്തരം നടപടി സ്വീകരിക്കുന്നതിൽ വീഴ്ചയില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
വ്യക്തികൾ ഹാജരായി പ്രത്യേകം ആവശ്യങ്ങൾ ഉന്നയിക്കേണ്ടതില്ലെന്നും കാര്യങ്ങൾ അറിയിക്കാൻ അമിക്കസ്ക്യൂറിയും കോടതിയുടെ മേൽനോട്ടവുമുണ്ടെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. തുടർന്ന് ഹരജി വീണ്ടും 31ന് പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.