നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹരജിയിൽ 29ന് വിധി
text_fieldsകണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയിൽ ആഗസ്റ്റ് 29ന് വിധി പറയും. തുടരന്വേഷണം വേണോ വേണ്ടയോയെന്ന കാര്യത്തിൽ അന്ന് തീരുമാനമുണ്ടായേക്കും. അന്വേഷണത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ ഹരജി നൽകിയത്. കേസ് കഴിഞ്ഞയാഴ്ച കോടതി ആഗസ്റ്റ് 23ലേക്ക് മാറ്റുകയായിരുന്നു.
ശക്തമായ വാദമാണ് നടന്നത്. മജിസ്ട്രേറ്റ് കോടതിയിലല്ല, സെഷന്‍സ് കോടതിയിലാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഭാഗത്തിന്റെ വാദം. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങൾ ഉയർത്തി കേസ് നീട്ടിക്കൊണ്ടുപോകാനാണ് വാദിഭാഗത്തിന്റെ ശ്രമമെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ പറഞ്ഞു. കേസിൽ ഹാജരാക്കിയത് ദിവ്യയുടെ ഭർത്താവിന്റെ ഫോൺ വിവരങ്ങൾ മാത്രമാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നും മഞ്ജുഷയുടെ അഭിഭാഷകൻ ജോൺ എസ്. റാൽഫ് പറഞ്ഞു.
ഒട്ടേറെ ഇലക്ട്രോണിക് തെളിവുകൾ ആവശ്യമായ കേസാണിത്. ദിവ്യയുടെയും കലക്ടറുടെയും രണ്ട് മൊബൈൽ നമ്പറുകളിൽ ഒന്നുമാത്രമാണ് ഹാജരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് ആഗസ്റ്റ് അഞ്ചിനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ ഹരജി നല്‍കിയത്.
2024 ഒക്ടോബര്‍ 15നാണ് കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.