നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം: മുഖ്യപ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; ശക്തമായ എതിർപ്പുമായി പൊലീസ്
text_fieldsകൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകട കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതിയുടെ ജാമ്യനീക്കത്തെ പ്രതിരോധിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകളുമായി അന്വേഷണ സംഘം കോടതിയിലെത്തും.
അപകടസമയത്ത് പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയതിന് പിന്നാലെ, അത് സാധൂകരിക്കുന്ന റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയുടെ പരിശോധനാഫലം പൊലീസ് കോടതിയിൽ ഹാജരാക്കും.
കുറ്റകൃത്യത്തിന്റെ ഗൗരവവും സമൂഹത്തിലുണ്ടാക്കിയ നടുക്കവും മുൻനിർത്തി പ്രതിക്ക് ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം ശക്തമായി ആവശ്യപ്പെടും.
മറുവശത്ത്, പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും തുടർന്നുള്ള ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രതിഭാഗം.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഭീകരമായ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
അതേസമയം, മുഖ്യപ്രതി സുഹൈൽ സജീവുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി.
പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ഒന്നാം പ്രതി സുഹൈൽ സജീവിനെ വ്യാഴാഴ്ച രാവിലെ 9.25ഓടെ അന്വേഷണ ഉദ്യോഗസ്ഥൻ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷ സന്നാഹത്തോടെ സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
പ്രേരണ കുറ്റത്തിന് അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിലും തെളിവെടുപ്പിന് അപകടസ്ഥലത്തേക്ക് കൊണ്ടുവന്നില്ല. അപകടം നടന്ന ഞായറാഴ്ച സുഹൈലിനെ അങ്കമാലി താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പ്രകോപിതരായ ജനങ്ങൾ മർദിച്ചിരുന്നു.
രണ്ടാം പ്രതി നിനവും അത്താണിയിൽ കൈയേറ്റത്തിനിരയായി. ഈ സാഹചര്യത്തിൽ സുഹൈലിനും കൂട്ടാളികൾക്കും പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
അത്താണിയിൽ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് വ്യാഴാഴ്ച രാവിലെ മാധ്യമപ്രവർത്തകരടക്കം വൻ ജനക്കൂട്ടമാണ് സംഭവ സ്ഥലത്തെത്തിയത്. അതിനാൽ പൊലീസ് വാഹനത്തിൽനിന്ന് പ്രതിയെ പുറത്തിറക്കാതെയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
അപകടസ്ഥലവും അപകടത്തിൽപ്പെട്ട വാഹനങ്ങൾ വന്ന ദിശയും സ്കൂട്ടർ തെറിച്ചുവീണ സ്ഥലവും സംഭവ സമയത്ത് കാറിന്റെ വേഗതയുമെല്ലാം പ്രതി വിശദമായി അന്വേഷണ സംഘം മുമ്പാകെ വിവരിച്ചു. സമീപത്ത് താമസിക്കുന്ന ഈരാളി ജോജിൻ, കണിയത്ത് വർഗീസ് എന്നിവർ ദൃക്സാക്ഷികളായതിന്റെ മൊഴികളും പൊലീസ് രേഖപ്പെടുത്തി.
അത്താണിയിൽ ഒരു മണിക്കൂറോളം തെളിവെടുപ്പ് നടത്തിയ ശേഷം 10.35ഓടെ നെടുമ്പാശ്ശേരിയിലെ ഹോട്ടൽ മാരിയറ്റിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയുമായി മടങ്ങി.
ഉച്ചക്കുശേഷം കടവന്ത്ര ദയ ബാറിലും പാലാരിവട്ടം മൺസൂൺ എംപ്രസിലും എത്തിച്ച് തെളിവെടുത്തു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം നാല് പ്രതികളെയും വൈകുന്നേരത്തോടെ അങ്കമാലി കോടതിയിൽ ഹാജരാക്കി വീണ്ടും കാക്കനാട് സീപോർട്ട് -എയർപോർട്ട് റോഡിന് സമീപമുള്ള തൃക്കാക്കരയിലെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

