വാട്ടർ ഫീൽഡ്
text_fieldsനെഹ്റുട്രോഫി ജലമേളയുടെ ആരവമുയരാൻ ഇനി മണിക്കൂറുകൾ മാത്രം. ജലോത്സവപ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചു. സൈന്യവും സൈന്യാധിപരും തയാറായി. അടവുകള്ക്കൊത്ത ആയുധങ്ങളും ഒരുങ്ങി. ഇനി പുന്നമടയിൽ ജലപൂരമാണ്. ഓളപ്പരപ്പിലെ മഹായുദ്ധം. മെയ്ക്കരുത്തും മനക്കരുത്തും ഏറ്റുമുട്ടും. വിജയിക്കുന്നവന് രാജാവ്. ചുണ്ടന്‍വള്ളങ്ങള്‍ അണിയം മുതല്‍ അമരംവരെ അണിഞ്ഞൊരുങ്ങി ആവേശത്താല്‍ തുഴഞ്ഞെത്തുന്നത് ആരാധക ഹൃദയത്തിലേക്കാണ്.
ചുണ്ടനും വെപ്പും ചുരുളനും ഇരുട്ടുകുത്തിയും ചിറകുവിരിച്ച് പായാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. എല്ലാമിഴികളും വഴികളും പുന്നമടയിലേക്കാണ്. കരകളുടെ ആവേശം സിരകളില്‍ നിറച്ചെത്തുന്ന ചുണക്കുട്ടന്മാരുടെ കരുത്തിന്റെ ചാരുത കാണാന്‍ വള്ളത്തിലും വെള്ളത്തിലും കരയിലുമായി ലക്ഷങ്ങള്‍. അവർ തീർക്കുന്ന ആർപ്പുവിളികളും കരഘോഷവുമെല്ലാം തുഴക്കാര്ക്ക് ചുണ്ടന്‍വള്ളങ്ങൾ ഇഞ്ചോടിഞ്ച് പൊരുതി കുതിക്കാൻ ഊര്‍ജം പകരുന്നതാണ്. ആറ് ഹീറ്റ്സുകളിലായി 21 ചുണ്ടനടക്കം 75 വള്ളങ്ങളാണ് ഇക്കുറി പോരിനിറങ്ങുക.
ആഗസ്റ്റിലെ രണ്ടാംശനിയാഴ്ചയെന്ന പതിവുതെറ്റിച്ച് ഓണത്തിന് മുന്നോടിയായാണ് ഇക്കുറി വള്ളംകളിയെത്തുന്നത്. എന്നിട്ടും ആവേശം ഒട്ടുംകുറക്കാതെ ആർപ്പോ....ഇർറോ.....വിളികളുടെ ട്രാക്ക് തെറ്റിക്കാതെയാണ് ജലത്സോവപ്രേമികളുടെ ഒത്തുചേരൽ. ആവേശ ലഹരിയിലുള്ള ഉത്സവമല്ലിത്, മറിച്ച് വള്ളംകളിക്ക് പങ്കെടുക്കുന്ന തുഴക്കാരെല്ലാം വ്രതശുദ്ധിയോടെ നടത്തിയ പരിശീലനങ്ങളുടെ കേളികൊട്ടാണ്. മെയ്യും മനസ്സും മെരുക്കിയെടുക്കുന്ന ആദ്യപരിശീലനം തുടങ്ങുന്നത് കരയിലാണ്. രണ്ടാമത്തേത് കായലിലും.
തീരത്ത് തടിച്ചുകൂടുന്ന കാഴ്ചക്കാരുടെ ആർപ്പുവിളികളും കരാഘോഷവുമെല്ലാം തുഴക്കാര്ക്ക് ചുണ്ടന്‍വള്ളങ്ങൾ ഇഞ്ചോടിഞ്ച് പൊരുതി കുതിക്കാൻ ഊര്‍ജം പകരുന്നതാണ്. ഒരുജനതയുടെ ഉത്സാഹമായി മാറിയ വള്ളംകളിക്ക് ആരാധകർ കേരളത്തിൽ മാത്രമല്ല വിദേശത്തുമുണ്ട്. കളിയിൽ പ്രഫഷനലിസം കൂടിയതോടെ പങ്കായം കരക്കാരിൽനിന്ന് ക്ലബുകളുടെ കൈകളിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.