നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 30ന്
text_fieldsകുമരകം ടൗൺ ബോട്ട് ക്ലബ് പരിശീലനത്തുഴച്ചിൽ നടത്തുന്ന പായിപ്പാട് രണ്ടാംചുണ്ടൻ
കോട്ടയം: നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശാരവങ്ങൾക്ക് നാടൊരുങ്ങി. ഇനി കയ്യുംമെയ്യും മറന്നുള്ള പരിശീലനത്തുഴച്ചിലിന്റെ നാളുകൾ. നെഹ്റു ട്രോഫിയിൽ മുത്തമിടാനുള്ള ആവേശവുമായി ജില്ലയിലെ നാലു ക്ലബുകളാണ് ഇത്തവണ പുന്നമടയിലെത്തുക.
കുമരകം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ് എന്നിവക്ക് പുറമെ കുമരകത്തുനിന്ന് ഇമാനുവൽ എന്ന പുതിയ ക്ലബും മത്സരരംഗത്തുണ്ട്. കുമരകം എൻ.സി.ഡി.സി ഇത്തവണയും മത്സരത്തിനില്ല. ആഗസ്റ്റ് 30നാണ് നെഹ്റു ട്രോഫി വള്ളംകളി.
പായിപ്പാട് പുത്തൻ ചുണ്ടനിൽ ടൗൺ ബോട്ട് ക്ലബ്
ചമ്പക്കുളം മൂലം വള്ളംകളിയിൽ എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ ഒന്നാമതെത്തിയ വിജയാവേശവുമായാണ് കുമരകം ടൗൺ ബോട്ട് ക്ലബ് പുന്നമടയിലെത്തുന്നത്. പായിപ്പാട് പുത്തൻ ചുണ്ടനിലാണ് പോരാട്ടത്തിനിറങ്ങുക. 2010ലാണ് ക്ലബ് അവസാനമായി ട്രോഫി നേടുന്നത്.
ഇത്തവണത്തെ പരിശീലനത്തുഴച്ചിൽ ഞായറാഴ്ച കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ 11.50 ന് ആരംഭിക്കും. പായിപ്പാട് രണ്ടാംചുണ്ടനിലാണ് പരിശീലനം. അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനാണ് ടീം ക്യാപ്റ്റൻ.
വെള്ളംകുളങ്ങര വീണ്ടും
കോട്ടയത്തിന് ആദ്യമായി നെഹ്റു ട്രോഫി സമ്മാനിച്ച കുമരകം ബോട്ട് ക്ലബ് 13 വർഷങ്ങൾക്കുശേഷം വീണ്ടും വെള്ളംകുളങ്ങരയിലാണ് പുന്നമടയിലിറങ്ങുക. സണ്ണി ജേക്കബിന്റെ നായകത്വത്തിൽ വെള്ളംകുളങ്ങരയിൽ തുഴഞ്ഞ് 2002ൽ നെഹ്റു ട്രോഫി നേടിയിരുന്നു.
ഏറ്റവുമധികം നെഹ്റു ട്രോഫി നേടിയ ക്ലബ്, രണ്ട് തവണ ഹാട്രിക് നേട്ടം കുറിച്ച് ജില്ലയുടെ അഭിമാന ടീം എന്നീ മുൻതൂക്കവുമുണ്ട്. അടുത്തയാഴ്ച മുത്തേരിമടയിൽ പരിശീലനം തുടങ്ങും.
ചമ്പക്കുളത്തിൽ ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ബോട്ട് ക്ലബ് രണ്ടാംതവണയാണ് നെഹ്റു ട്രോഫിയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഇത്തവണ ചമ്പക്കുളം ചുണ്ടനിലാണ് മത്സരം.
വെട്ടിത്തുരുത്ത് പള്ളിയോട് ചേർന്നുള്ള ആറ്റിൽ ഒരുമാസം മുമ്പ് പരിശീലനം ആരംഭിച്ചിരുന്നു. കിടങ്ങറ പള്ളിയുടെ സമീപത്തേക്ക് പരിശീലനം മാറ്റും. പള്ളി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. സണ്ണി ഇടിമണ്ണിക്കലാണ് ക്യാപ്റ്റൻ.
കന്നിപോരാട്ടത്തിന് ഇമ്മാനുവൽ
നെഹ്റു ട്രോഫിയിൽ മാറ്റുരയ്ക്കാൻ ഇത്തവണ പുത്തൻ ക്ലബ്ബായി കുമരകം ഇമാനുവൽ ക്ലബ്ബ്. നടുവിലപ്പറമ്പൻ ചുണ്ടൻവള്ളത്തിലാണ് മത്സരത്തിനിറങ്ങുക. പരിശീലനം ഉടൻ ആരംഭിക്കും.
16 തവണ നെഹ്റു ട്രോഫി ജില്ലയിലേക്കെത്തി
കോട്ടയം: 16 തവണയാണ് നെഹ്റു ട്രോഫി ജില്ലയിലേക്കെത്തിയത്. എല്ലാം കുമരകത്തെ ബോട്ട് ക്ലബുകൾ വഴി. കുമരകം ബോട്ട് ക്ലബ് ഏഴുതവണയും കുമരകം ടൗൺ ബോട്ട് ക്ലബ് ആറുതവണയും കുമരകം വേമ്പനാട് ബോട്ട് ക്ലബ് രണ്ടുതവണയും മണിയാപറമ്പ് നവജീവൻ ബോട്ട് ക്ലബ് ഒരുതവണയും കിരീടം നേടി.
1971ലാണ് കുമരകം ബോട്ട് ക്ലബ് ആദ്യമായി നെഹ്റു ട്രോഫിയിൽ മുത്തമിട്ടത്. തുടർന്ന് 72, 73, 82, 83, 84 വർഷങ്ങളിൽ നെല്ലാണിക്കൽ പാപ്പച്ചന്റെ ക്യാപ്റ്റൻസിയിൽ രണ്ട് ഹാട്രിക്. രണ്ടാമത്തെ ഹാട്രിക് കാരിച്ചാലിലായിരുന്നു. 2002ൽ വെള്ളംകുളങ്ങരയിലായിരുന്നു അവസാന കിരീടം.
ആലപ്പാടൻ ചുണ്ടനിലിറങ്ങിയ കുമരകം ടൗൺ ബോട്ട് ക്ലബ് 1999ലാണ് ആദ്യമായി ട്രോഫി നേടിയത്. 2004 മുതൽ 2007 വരെ തുടർച്ചയായ നാലുവർഷവും കിരീടം വിട്ടുനൽകിയില്ല. 2009ൽ കൈവിട്ട കിരീടം 2010 ൽ ജവഹർ തായങ്കരിയിലിറങ്ങി തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തായി.
2015, 2016 വർഷങ്ങളിൽ ജെയിംസുകുട്ടി ജേക്കബിന്റെ നായകത്വത്തിൽ ജവഹർ തായങ്കരിയിൽ മത്സരിച്ചാണ് വേമ്പനാട് ബോട്ട് ക്ലബ് ട്രോഫി നേടിയത്. 2003ൽ കാരിച്ചാലിൽ തുഴഞ്ഞ് നവജീവൻ ബോട്ട് ക്ലബ് ട്രോഫി സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.