നെഹ്റു ട്രോഫി ജലമേള ആഗസ്റ്റ് 10ന്
text_fieldsആലപ്പുഴ: വള്ളംകളി പ്രേമികൾ കാത്തിരിക്കുന്ന 70ാമത് നെഹ്റു ട്രോഫി ജലമേള ആഗസ്റ്റ് 10ന്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലാണ് തീരുമാനം.
വെള്ളപ്പൊക്കവും കോവിഡും നിമിത്തം ട്രാക്ക് തെറ്റിയ വള്ളംകളി കഴിഞ്ഞ വർഷം മുതലാണ് ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയെന്ന പതിവ് രീതിയിലേക്ക് തിരിച്ചെത്തിയത്. 2002ൽ കുമരകം ബോട്ട് ദുരന്തം ഉണ്ടായപ്പോഴാണ് വള്ളംകളിയുടെ ചരിത്രത്തിൽ ആദ്യമായി തീയതി മാറ്റമുണ്ടായത്. ആ വർഷം സെപ്റ്റംബർ 13നായിരുന്നു വള്ളംകളി. പിന്നീട് വർഷങ്ങളോളം മാറ്റമില്ലാതിരുന്ന മത്സരത്തിന്‍റെ തീയതിയും മാസവും മാറിയത് പ്രളയമുണ്ടായ 2018ലാണ്. പ്രളയത്തെ അതിജീവിച്ചെത്തിയ ആ വർഷം നവംബറിലായിരുന്നു മത്സരം. 2019ലും വെള്ളപ്പൊക്കം മത്സരക്രമം മാറ്റിമറിച്ചു. അന്ന് ആഗസ്റ്റ് 12ന് നിശ്ചയിച്ചിരുന്ന ജലോത്സവം ആഗസ്റ്റ് 31ലാണ് നടത്തിയത്.
കോവിഡ് കാരണം 2020, 2021 വർഷങ്ങളിൽ ഉപേക്ഷിച്ചു. 2023ൽ വീയപുരം ചുണ്ടനാണ് ജലരാജാവായത്. കഴിഞ്ഞ വർഷം 2.87 കോടിയുടെ വരുമാനമാണ് സൊസൈറ്റി നേടിയത്. 3.28 ലക്ഷമാണ് മിച്ചം. ജില്ല കലക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ,പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.