നെൽവയൽ -തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ പാസാക്കി
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെ കേരള നെൽവയൽ -തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. ബില്ലിലൂടെ സംസ്ഥാന വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത ഇടപെടലാണ് സർക്കാർ നടത്തുന്നെതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിന് വേണ്ട കാര്യങ്ങൾ സർക്കാർ നടപ്പാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന നെൽവയലും തണ്ണീർത്തടങ്ങളും നികത്താൻ വ്യക്തികൾക്ക് വഴിയൊരുക്കുന്നതാണ് ബില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. നെൽവയൽ -തണ്ണീർത്തട സംഹാര നിയമമാണ് സർക്കാർ പാസാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പൊലീസിൽ
പരാതിപ്പെട്ടാൽ നടപടി
നികത്തുന്നതിനെതിരെ കൃഷി ഒാഫിസർ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകി നടപടി സ്വീകരിക്കുകയായിരുന്നു പതിവ്.
ഇപ്പോൾ പൊലീസിൽ പരാതിപ്പെട്ടാൽ നടപടി സ്വീകരിക്കാനാകുമെന്ന് ബില്ലിെൻറ ചർച്ചക്ക് മറുപടി പറഞ്ഞ മന്ത്രി. ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. ഗെയിൽ പോലുള്ള വൻകിട പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സം ബില്ലുവഴി ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു. അതിനുവേണ്ടിയാണ് സർക്കാർ പ്രോജക്ടുകൾ എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
തരിശുവയലിൽ അനുമതിവേണ്ട
തരിശിട്ട നെൽവയലുകളിൽ ഉടമയുടെ അനുമതിയോടെ കൃഷി ഇറക്കാമെന്ന വ്യവസ്ഥ നിയമത്തിൽ ഉണ്ടായിരുന്നത് ഭേദഗതി ചെയ്തു. ഉടമയുടെ അനുമതിയില്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്കോ പാടശേഖരസമിതികൾക്കോ കൃഷിയിറക്കാമെന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയത്. ഉടമക്ക് നോട്ടീസ് നൽകിയായിരിക്കും നടപടി. 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി തരിശുഭൂമി കൃഷിക്ക് നൽകും. അനധികൃത നികത്തലിൽ ഏർപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും വകുപ്പുണ്ട്. നിലം നികത്തുന്നവർക്കുള്ള ശിക്ഷ രണ്ട് വർഷത്തിൽനിന്ന് മൂന്ന് വർഷമാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.