ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ; നെന്മാറ സ്റ്റേഷനു പുറത്ത് ജനരോഷം
text_fieldsനെന്മാറ: പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം 36 മണിക്കൂറിനുള്ളിലാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ ചെന്താമരയെ പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്ന് പിടികൂടിയത്. പോത്തുണ്ടി മലയിലായിരുന്ന പ്രതി വിശന്നപ്പോൾ താഴെയിറങ്ങിയതായിരുന്നു.
ചൊവ്വാഴ്ച രാത്രി 7.30 ഓടെ ചെന്താമരയെ പോത്തുണ്ടി മലയിൽ കണ്ടതിനെ തുടർന്ന് പൊലീസ് നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് കെണിയൊരുക്കിയത്. പ്രതി രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരിക്കാൻ ഇടയില്ലെന്നതും പൊലീസ് കണക്കുകൂട്ടിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതോടെയാണ് ഇയാൾ പോത്തുണ്ടിമലയിൽനിന്ന് വീട്ടിലേക്ക് തിരിച്ചത്. വീടിന് സമീപമെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർ പോലും അറിയാതെ വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം രാത്രി 11.15ഓടെ സ്വകാര്യ കാറിൽ നെന്മാറ സ്റ്റേഷനിൽ എത്തിച്ചു. പ്രതി പിടിയിലായ വിവരമറിഞ്ഞ് നാട്ടുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു. പ്രതിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് അവർ പ്രതിഷേധിച്ചു.
പ്രതിക്കായി പാലക്കാടിന് പുറമെ തമിഴ്നാട്ടിലും കോഴിക്കോട്ടുമെല്ലാം ചൊവ്വാഴ്ച തിരച്ചിൽ നടത്തിയിരുന്നു. കൊല്ലങ്കോട് മേഖലയിലെ തെന്മലയോര പ്രദേശത്തും നെല്ലിയാമ്പതി മലയിലുമെല്ലാം തിരച്ചിൽ നടന്നു. ചൊവ്വാഴ്ച രാവിലെ മുതൽ തിരുത്തമ്പാടം, പോത്തുണ്ടി മേഖലകളിൽ കൊല്ലങ്കോട് അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലും തിരച്ചിൽ നടത്തി. ഡ്രോൺ പരിശോധനകൊണ്ട് പ്രയോജനമുണ്ടായില്ല. ഇതിനിടെ ചെന്താമര എന്ന് പേരുള്ള മറ്റൊരാളെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. അതിനിടെ, തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്നാട്ടിൽനിന്ന് മടങ്ങി. തിരുപ്പൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
കോഴിക്കോട് തിരുവമ്പാടിയിൽ ചെന്താമരയുടെ മൊബൈൽ ഓണായതായി വിവരം ലഭിച്ചതോടെ ഇവിടം കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. തിങ്കളാഴ്ച രാവിലെയാണ് നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അതേസമയം, നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫിസറെ (എസ്.എച്ച്.ഒ) സസ്പെൻഡ് ചെയ്തു. എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയെന്ന എസ്.പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് നടപടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്.
പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നത്. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്.എച്ച്.ഒ ഗൗനിച്ചില്ല. പഞ്ചായത്തില്‍ പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ച കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ല. സജിത കൊലപാതക കേസിലെ സാക്ഷികളായ സുധാകരനെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതി ലഭിച്ചിട്ടും ഈ വിവരം കോടതിയെ അറിയിച്ചില്ലെന്നും ഉത്തര മേഖല ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.