‘നേർവഴി’ക്ക് നടക്കാം, ജീവിതത്തിലേക്കും
text_fieldsമലപ്പുറം: ഗുരുതരസ്വഭാവമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോ ആദ്യമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോ ആയ കുറ്റവാളികളെ, വിശേഷിച്ച് യുവകുറ്റവാളികളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരിക ലക്ഷ്യമിടുന്ന സാമൂഹിക നീതി വകുപ്പിന്റെ ‘നേർവഴി’ പദ്ധതിക്ക് ജില്ലയിൽ മികച്ച നേട്ടം.
പ്രൊബേഷന്‍ സംവിധാനം വഴി മാനസികവും സാമൂഹികവുമായി പരിവര്‍ത്തനം ചെയ്ത്, സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരരാക്കുകയാണ് ജില്ല പ്രൊബേഷന്‍ ഓഫിസുകള്‍ വഴി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ നിലവിൽ 62 പേർ പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട്. ജില്ല പ്രൊബേഷൻ ഓഫിസിന് കീഴിൽ നീരീക്ഷണത്തിലുള്ള നല്ലനടപ്പിലുള്ളവരും മുൻ ശിക്ഷ തടവുകാരും അടക്കം 82 പേരുമുണ്ട്.
2017ൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതി പ്രകാരം ജില്ലയിൽ ഇക്കാലയളവിൽ നേർവഴി പദ്ധതിക്ക് മുന്നിൽ വന്നത് അഞ്ഞൂറിലധികം കേസുകളാണ്. നല്ലനടപ്പിലുള്ളവർ ഒന്ന് മുതൽ മൂന്ന് വർഷം കാലയളവിൽ ജില്ല പ്രൊബേഷൻ ഓഫിസർക്ക് കീഴിൽ നിരീക്ഷണത്തിലായിരിക്കും. ഇക്കാലയളവിൽ അവർ മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാതെ നല്ല ജീവിതം നയിച്ചാൽ നിരീക്ഷണ കാലയളവ് പൂർത്തിയാകുന്ന മുറക്ക് നിയമ നടപടികളിൽനിന്ന് മോചിതരാകും. അല്ലാത്തപക്ഷം പിഴ അടക്കുകയോ യഥാർഥ ശിക്ഷ അനുഭവിക്കുകയോ ചെയ്യേണ്ടി വരും. ശിക്ഷ അനുഭവിക്കുന്നത് മൂലമുണ്ടാകുന്ന അയോഗ്യതകളിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.
ആദ്യമായി കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നവര്‍, 18നും 21 നുമിടയില്‍ പ്രായമുള്ള ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍, പൊലീസ് ജാമ്യത്തില്‍ വിട്ട യുവകുറ്റാരോപിതര്, സ്ത്രീ കുറ്റാരോപിതര്‍ തുടങ്ങിയവരെല്ലാം പദ്ധതിയുടെ പരിധിയിൽ വരുന്നവരാണ്. ജില്ല പ്രൊബേഷന്‍ ഓഫിസറാണ് ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
പ്രൊബേഷന്‍ ഓഫിസർമാരും അതോടൊപ്പം നേർവഴിക്ക് കീഴിലെ പ്രൊബേഷൻ അസ്സിസ്റ്റന്റുമാരുടെയും കൃത്യമായ കാലയളവിൽ നടത്തുന്ന ജയിൽ സന്ദർശനങ്ങളിലൂടെയാണ് കൂടുതൽ ഗുണഭോക്താക്കളെയും കണ്ടെത്തിയിട്ടുള്ളത്. ചില കേസുകളിൽ കോടതി ജാമ്യം നൽകുമ്പോഴും കുറ്റാരോപിതനെ നിരീക്ഷിക്കുക എന്നത് മുൻനിർത്തി പ്രൊബേഷൻ ഓഫിസറുടെ മേൽനോട്ടത്തിൽ ജാമ്യം അനുവദിക്കാറുണ്ട്. അങ്ങനെയുള്ളവരും പദ്ധതിയുടെ ഭാഗമാണ്. ഇവരുടെയും കുടുംബത്തിന്റെയും പൂർണസമ്മതത്തോടെ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ.
നിയമ സഹായവും
കുറ്റാരോപിതർക്ക് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ വഴി ജില്ല നിയമ സേവന അതോറിറ്റി നിയമസഹായം നൽകി വരുന്നുണ്ട്. നിരീക്ഷണത്തിൽ വരുന്ന കുറ്റാരോപിതരുടെ കുടുംബവുമായി ചർച്ച ചെയ്ത ശേഷം ഇവർക്ക് ആവശ്യമായ കൗൺസലിങ്, ബോധവത്കരണ ക്ലാസ്, ലഹരി പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഡീ അഡിക്ഷൻ സഹായങ്ങൾ തുടങ്ങിയവ നൽകലാണ് അടുത്ത ഘട്ടം.
തൊഴിൽ പരിശീലനവും തുടർ വിദ്യാഭ്യാസവും
പൊലീസ് നടപടികളിലും ജയിൽവാസത്തിലും പഠനം ഇടക്കുവെച്ച് നഷ്ടപ്പെട്ടവർക്ക് തുടർവിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും കൂടിയുള്ള സഹായങ്ങൾ പദ്ധതി പ്രകാരം നൽകിവരുന്നുണ്ട്. സ്കിൽ ഡെവലപ്മെൻറ് സെന്റർ അടക്കമുള്ള സർക്കാർ ഏജൻസികളുമായി ചേർന്ന് ‘മിത്രം’ പദ്ധതി വഴി ഗുണഭോക്താവിന്റെ അഭിരുചിക്കും ആഗ്രഹത്തിനും അനുസൃതമായ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ചെയ്യാനുള്ള സൗകര്യം ഒരുക്കും. കോഴ്സിന്റെ പൂർണ ചെലവുകളും അതോടൊപ്പം പഠന കാലയളവിലെ ചെലവുകൾക്ക് മാസം 3,000 രൂപ സ്റ്റൈപൻഡും നൽകുന്നുണ്ട്.
മാറ്റത്തിന്റെ സാക്ഷ്യങ്ങൾ
നേർവഴി പദ്ധതിയുടെ ഗുണഭോക്താക്കളിൽ മുതിർന്ന വ്യക്തികളുമുണ്ട്. പദ്ധതി ഒരാളുടെ ജീവിതത്തിൽ വരുത്തിയ മാറ്റം ഇങ്ങനെയായിരുന്നു. ദിവസം രണ്ടായിരം രൂപക്ക് മുകളിൽ വരുമാനമുള്ള ബൈക്ക് മെക്കാനിക്, പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുടെ പിതാവ്. കിട്ടുന്ന പണം മുഴുവൻ മദ്യപാനത്തിനായി ചെലവഴിക്കുന്നു.
പാതിവഴിയിൽ മുടങ്ങി കിടക്കുന്ന വീട് പണിയും വിവാഹമോചനത്തിൽ എത്തി നിൽക്കുന്ന ദാമ്പത്യ ബന്ധവും. ഈ സമയത്ത് ഒരു മോഷണ കേസിൽ സുഹൃത്തിന്റെ പ്രേരണയാൽ അകപ്പെടുന്നു. കോടതിയിലെ വിചാരണ വേളയിൽ മുൻകാല കുറ്റകൃത്യ ചരിത്രമില്ലാത്തതിനാലും ചെറിയ ശിക്ഷ ലഭിക്കുന്ന കേസ് ആയതിനാലും പ്രൊബേഷൻ ഓഫ് ഒഫൻഡർസ് ആക്ട് 1958 നിയമത്തിന്റെ ആനുകൂല്യം നൽകി പ്രൊബേഷൻ ഓഫിസറുടെ മേൽനോട്ടത്തിൽ അയച്ച് കേസിൽ വിധിപറയുകയുണ്ടായി.
കുറ്റാരോപിതനെ ഡി അഡിക്ഷൻ ചികിത്സ ലഭ്യമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിധിയിൽ പ്രത്യേകം സൂചിപ്പിച്ചിരുന്നു. രണ്ട് വർഷത്തെ ചിട്ടയായ നിരീക്ഷണം. അതിൽ രണ്ട് മാസത്തെ ഡി അഡിക്ഷൻ ചികിത്സ. കുടുംബത്തിന്റെ പൂർണ പിന്തുണ കൂടി ആയതോടെ എല്ലാം സെറ്റ്.
പ്രൊബേഷനർ (നല്ലനടപ്പിലുള്ള വ്യക്തിയെ സൂചിപ്പിക്കുന്ന വാക്ക്) മദ്യപാനത്തിൽനിന്ന് പൂർണമായി മാറിയിരിക്കുന്നു. ഇപ്പോൾ ജോലി കഴിഞ്ഞാൽ മോശപ്പെട്ട കൂട്ട്കെട്ടുകളില്ല. മുടങ്ങിക്കിടന്ന വീട് പണി ഈ കാലയളവിൽ പൂർത്തീകരിച്ചു. ഇപ്പോൾ ഭാര്യ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. ഇപ്പോൾ മക്കളുടെ വിദ്യാഭ്യാസത്തിലും കുടുംബ കാര്യങ്ങളിലും പൂർണശ്രദ്ധ.
അവർക്ക് ഒരവസരം കൂടി നൽകാം...
ലഹരി സുലഭമായ ഈ കാലഘട്ടത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ അത്ഭുതമില്ല. സ്നേഹശാസനകളാൽ നേർവഴിയിലേക്ക് കുട്ടികളെ മുന്നോട്ട് നയിക്കാൻ ബാധ്യതപ്പെട്ട മുതിർന്നവരും ബന്ധുക്കളും അധ്യാപകരും അങ്ങനെ പറഞ്ഞാൽ കുട്ടികൾ എങ്ങനെ പ്രതികരിക്കും എന്ന് ഉത്കണ്ഠപ്പെട്ട് അതിൽനിന്ന് മാറിനിൽക്കുന്നു.
പെട്ടെന്നുള്ള ആവേശത്തിനോ സാഹചര്യങ്ങൾ മൂലമോ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന ഏതൊരു വ്യക്തിയും കുറ്റവാളികളെങ്കിൽ കൂടി ഒരവസരം ഇത്തരം കേസുകളിൽ അർഹിക്കുന്നുണ്ട്. കുറ്റാരോപിതനായ വ്യക്തിയും അവരുടെ കുടുംബവും പൂർണസഹകരണം നൽകിയ കേസുകളിലെല്ലാം ഈ പദ്ധതി ഏറെ ഫലപ്രദമാണ്.- കെ. മുഹമ്മദ് ജാബിർ ജില്ല പ്രൊബേഷൻ ഓഫിസർ, മലപ്പുറം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.