വില്ലൻ ടു നായകൻ; സ്വാശ്രയ നയത്തിലെ മലക്കംമറിച്ചിൽ പോലെ പഴയ വില്ലനെയും ഒപ്പംകൂട്ടി പാർട്ടി
text_fieldsകണ്ണൂർ: കൂത്തുപറമ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെടിയേറ്റ് മരിക്കാനിടയായ സ്വാശ്രയ നിലപാടിലെ മലക്കംമറിച്ചിൽ പോലെ അന്നത്തെ വില്ലനെയും ഒപ്പംകൂട്ടി സി.പി.എം. കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയ പ്രധാനികളിൽ ഒരാളായ അന്നത്തെ തലശ്ശേരി എ.എസ്.പി രവത ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ കണ്ണൂരിലെ പാർട്ടിയിലും മുറുമുറുപ്പ് ശക്തം. സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ സമരം നടത്തി രക്തസാക്ഷിത്വംവരിച്ചവരെ മറന്ന്, സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകിയ അതേ ഇടതു സർക്കാറിനാണ് അന്നത്തെ ‘കൊലയാളി’യെ ഡി.ജി.പിയാക്കാനുള്ള നിയോഗം കൈവന്നത്.
സർക്കാർ നിലപാടിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനും രംഗത്തുവന്നെങ്കിലും അണികളിൽ നിരാശയും അമർഷവും പ്രകടമാണ്. സമൂഹമാധ്യമങ്ങളിൽ അണികൾ ഇക്കാര്യം പ്രകടിപ്പിക്കുന്നുമുണ്ട്. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ മാത്രമാണ് സർക്കാർ നിലപാടിലെ അതൃപ്തി പേരിനെങ്കിലും പ്രകടമാക്കിയത്.
വെടിവെപ്പ് സംഭവത്തിനുശേഷം രവത ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കളെ കൊലയാളിയാക്കിയായിരുന്നു അന്നത്തെ മുദ്രാവാക്യമേറെയും. പരിയാരം ക്ഷയരോഗ ആശുപത്രി സ്വകാര്യ സ്വത്താക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെ. കരുണാകരൻ സർക്കാറിന്റെ വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെയുള്ള സമരമാണ് കൂത്തുപറമ്പ് വെടിവെപ്പിൽ കലാശിച്ചത്. മന്ത്രിമാരെ കരിങ്കൊടി കാണിക്കാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചതിനിടെ 1994 നവംബർ 25നാണ് കൂത്തുപറമ്പ് അർബൻ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാൻ മന്ത്രി എം.വി. രാഘവൻ എത്തുന്നത്. പ്രതിഷേധിച്ചവർക്കെതിരെ ലാത്തിച്ചാർജിൽ തുടങ്ങിയ പൊലീസ് നടപടി വെടിവെപ്പിലാണ് കലാശിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.കെ. രാജീവൻ, കെ.വി. റോഷൻ, ഷിബു ലാൽ, മധു, ബാബു എന്നിവർ വെടിയേറ്റ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് 28 വർഷം കിടപ്പിലായ പുഷ്പൻ കഴിഞ്ഞവർഷവും മരിച്ചു.
സർക്കാർ നിയമിച്ച പത്മനാഭൻ കമീഷൻ നൽകിയ റിപ്പോർട്ടിൽ ഡെപ്യൂട്ടി കലക്ടർ ടി.ടി. ആന്റണി, ഡിവൈ.എസ്.പി. ഹക്കീം ബത്തേരി, എസ്.പി. രവത ചന്ദ്രശേഖർ തുടങ്ങിയവരെ കുറ്റക്കാരായി കണ്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ച് കൂത്തുപറമ്പ് കോടതി രവത ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തെങ്കിലും ഹൈകോടതി അത് റദ്ദാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.