രാഹുല്‍ മാങ്കൂട്ടത്തിലിനെ ‘കുരുക്കാൻ’ രാഷ്ട്രീയ സമ്മർദ്ദം; അന്വേഷണം ഒഴിഞ്ഞ് ഡിവൈ.എസ്.പി
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. നിലവില്‍ അന്വേഷണത്തിനായി നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിനുകുമാര്‍ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് മുന്നോട്ടു പോകാന്‍ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് മണിക്കൂറുകൾക്കകം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
സൈബർ പൊലീസ് ഇൻസ്പെക്ടർ ബിനോജ്, ക്രൈംബ്രാഞ്ച് സി.ഐമാരായ സാഗർ, സാജൻ എന്നിവരും സംഘത്തിലുണ്ട്. ഇരകളുടെ മൊഴി രേഖപ്പെടുത്തേണ്ടതിനാൽ വരും ദിവസങ്ങളിൽ വനിത പെലീസ് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിന്‍റെ ഭാഗമാക്കും. അതിനിടെ, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചുവെന്ന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്ന് ക്രൈംബ്രാഞ്ച് രാഹുലിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇന്നു രാഹുല്‍ മാങ്കൂട്ടം മൊഴി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്‍റെ ശബ്ദരേഖയിൽ രാഹുലിന്‍റെ പേരു പരാമർശിച്ചതോടെയാണ് നോട്ടിസ് നൽകിയത്.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ രാഹുലിന്‍റെ സുഹൃത്തുകളും യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കംപ്യൂട്ടർ സെന്‍ററിലെ ജീവനക്കാരനായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയും അറസ്റ്റു ചെയ്തിരുന്നു.
സി.ആർ കാർഡ് എന്ന ആപ് വഴിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരാതിയിൽ മ്യൂസിയം പൊലീസാണ് അന്വേഷണം നടത്തിയിരുന്നത്. വിവിധ ജില്ലകളിൽ അന്വേഷിക്കേണ്ട കേസായതിനാൽ ക്രൈംബ്രാഞ്ചിനു കൈമാറി. കേസിന്‍റെ തുടക്കത്തില്‍ മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിക്കാത്തതിനാൽ പ്രതിചേര്‍ത്തില്ല. കേസിൽ അന്വേഷണം കടുപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാഹുലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് മിന്നൽ പരിശോധന നടത്തി. അടൂരും ഏലംകുളത്തുമുള്ള പ്രവർത്തകരുടെ വീടുകളിലായിരുന്നു പരിശോധന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.