ശബരിമല സന്നിധാനത്ത് ദർശനത്തിന് പുതിയ പദ്ധതിയൊരുങ്ങുന്നു
text_fieldsശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പ ദർശനം സാധ്യമാക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്. മീനമാസ പൂജക്ക് നട തുറക്കുന്ന മാർച്ച് 14 മുതലുള്ള അഞ്ച് ദിവസങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഇക്കാര്യം നടപ്പാക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. പതിനെട്ടാം പടി കയറിയെത്തുന്ന തീർഥാടകരെ കൊടിമരത്തിന്റെ ഇരു വശങ്ങളിലൂടെ ബലിക്കൽപ്പുര വഴി നേരിട്ട് ശ്രീകോവിലിന് മുമ്പിലേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം.
ഫ്ലൈ ഓവർ വഴി കടത്തിവിടുമ്പോൾ നടക്കു മുമ്പിൽ എത്തുന്ന തീർഥാടകർക്ക് നാലോ അഞ്ചോ സെക്കൻഡുകൾ മാത്രമാണ് ദർശന സൗകര്യം ലഭിച്ചിരുന്നത്. പുതിയ രീതി നടപ്പിലാകുന്നതോടെ കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും ദർശനം ലഭിക്കും. തീർഥാടകരെ രണ്ടുവരിയായി കടത്തി വിടുന്നതിനായി നീളത്തിൽ കാണിക്കവഞ്ചി സ്ഥാപിക്കും. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തുന്നവരെ വടക്കേ നടവഴി കടത്തിവിട്ട് ശ്രീകോവിന് മുമ്പിലെ വരിയിലേക്ക് കടത്തിവിടും.
പുതിയ സംവിധാനം നടപ്പിലാക്കാൻ തന്ത്രിയുടെ അനുജ്ഞയും ഹൈക്കോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. മരക്കൂട്ടം വരെ ക്യൂ നീളുന്ന സാഹചര്യമോ, മറ്റ് അടിയന്തര ഘട്ടങ്ങളോ വന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഫ്ലൈ ഓവർ നിലനിർത്തും. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ ചേർന്ന് പദ്ധതിയുടെ വിശകലനം നടത്തിയിരുന്നു. നിർമാണ പ്രവൃത്തികൾ ഈ മാസം ഇരുപതോടെ ആരംഭിക്കുമെന്ന് ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.