ചേമ്പിലയിൽ പൊതിഞ്ഞ് കുഞ്ഞിന്റെ മൃതശരീരം അയൽ വീടിന്റെ പരിസരത്ത് വെച്ചത് താൻ തന്നെയെന്ന് അമ്മയുടെ മൊഴി; പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്
text_fieldsകുളനട (പത്തനംതിട്ട): കുളനട മെഴുവേലി ആലക്കോട് കനാലിന് സമീപമുള്ള പറമ്പിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കാമുകനിൽ നിന്നാണ് ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചതായും കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചപ്പോഴാണ് മരണപ്പെട്ടതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.
ചികിത്സ തേടി ചെങ്ങന്നൂർ ഉഷ നഴ്സിങ് ഹോമിലെത്തിയ അവിവാഹിതയിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ഇലവുംതിട്ട പൊലീസ് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച ഉച്ചയോടെ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടത്. മൂന്നുദിവസത്തെ പഴക്കമുണ്ട്.
പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് നീക്കിയതിന് ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വെച്ചു. മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് വെച്ചത് താൻ തന്നെയാണെന്നും യുവതി പൊലീസിന് മൊഴി നൽകി.
രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിവാഹിതയായ 21 കാരി രാവിലെ ചികിത്സയ്ക്കെത്തിയിരുന്നു. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. പരസ്പരവിരുദ്ധമായ മൊഴികളിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഇലവുംതിട്ട പൊലീസിൽ വിവരമറിയിച്ചു. ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെങ്കിലും യുവതി പ്രസവിച്ചതാണെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതർ അഡ്മിഷൻ നൽകിയില്ല. തുടർന്നാണ് ചെങ്ങന്നൂർ അങ്ങാടിക്കലിലെ ഉഷ നഴ്സിങ് ഹോമിൽ എത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അയൽപക്കത്തെ വീട്ടുപറമ്പിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നാളെ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.