ജോളി മധു തൊഴിൽ പീഡനം: അന്വേഷണ സമിതി വിവരം തേടി
text_fieldsകൊച്ചി: തൊഴിൽ പീഡനത്തെ കുറിച്ച് പരാതി നൽകിയ കയർ ബോർഡ് ഉദ്യോഗസ്ഥ ജോളി മധു ചികിത്സക്കിടെ മരിച്ച സംഭവത്തിൽ കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതി കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ തേടി. ജോളിയുടെ സഹോദരൻമാരായ സിബി ജോസഫ്, പി.ജെ. അബ്രഹാം, ഭർതൃസഹോദരൻ മാക്സി മൈക്കിൾ എന്നിവരാണ് കയർ ബോർഡ് ആസ്ഥാനത്ത് സംഘത്തെ കണ്ടത്. തൊഴിൽസ്ഥലത്തെ പീഡനം സംബന്ധിച്ച് ജോളി കേന്ദ്രത്തിലേക്ക് പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ചെയർമാന് കത്ത് തയാറാക്കുന്നതിനിടെയാണ് മസ്തിഷ്കാഘാതം വന്നതെന്നും സഹോദരങ്ങൾ വ്യക്തമാക്കി.
ആരോപണവിധേയരായ കയർ ബോർഡ് ചെയർമാൻ, സെക്രട്ടറി ഉൾപ്പെടെ നാലു പേരെ ചുമതലയിൽ നിന്നും മാറ്റി നിർത്തണമെന്നും സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച പരാതി അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, സംഭവിച്ചത് എന്താണെന്ന് റിപ്പോർട്ട് ചെയ്യലാണ് തങ്ങളുടെ ചുമതലയെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ആകില്ലെന്നും അന്വേഷണ സംഘം വിശദീകരിച്ചു.
തൊഴിൽ സ്ഥലത്തെ പീഡനത്തെ പറ്റി പരാതി നൽകിയ അർബുദ അതിജീവിതയായ കയർ ബോർഡ് കൊച്ചി ഓഫിസ് സെക്ഷൻ ഓഫിസർ ജോളി മസ്തിഷ്കാഘാതത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. ഇതിനു പിന്നാലെ ബോർഡിലെ ഉന്നതർക്കെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.