അണ്ണന്റെ വിയോഗം അറിയാതെ വി.എസിന്റെ സഹോദരി ആഴിക്കുട്ടി
text_fieldsവി.എസ്.അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി (ഫയല്‍ ചിത്രം)
അമ്പലപ്പുഴ: അണ്ണന്റെ വിയോഗം അറിയാതെ വി.എസിന്റെ സഹോദരി ആഴിക്കുട്ടി. വി.എസ്. അച്യുതാനന്ദന്റെ ജന്മഗൃഹമായ വെന്തലത്തറയിലാണ് ഇളയസഹോദരി ആഴിക്കുട്ടിയുടെ താമസം. മകള്‍ സുശീലയും മരുമകന് പരമേശ്വരനും കൊച്ചുമകന് അഖില്‍ വിനായകുമായിരുന്നു ഒപ്പം. 12 വര്‍ഷം മുമ്പ് മകള്‍ മരിച്ചതിന് ശേഷം മരുമകനും കൊച്ചുമകനുമാണ് കൂടെയുള്ളത്. ഏഴ് മാസമായി കിടപ്പിലാണ്. മരുമകനും സോഫ്റ്റ് വെയര്‍ എൻജിനീയറായ കൊച്ചുമകനുമാണ് എല്ലാ കാര്യങ്ങള്‍ക്കും തുണയായുള്ളത്.
മൂന്ന് സഹോദരന്മാര്ക്ക് ഏക സഹോദരിയാണിവർ. സഹോദരന്മാരായ ഗംഗാധരനും പുരുഷനും മരിച്ചു. വിശേഷദിവസങ്ങളില്‍ വി.എസ് വെന്തലത്തറയില്‍ ആഴിക്കുട്ടിയെ കാണാതെ മടങ്ങാറില്ല. വേലിക്കകത്ത് വീട്ടില്‍നിന്ന് രണ്ട് കിലോമീറ്ററോളം ദൂരത്തുള്ള വെന്തലത്തറയിലേക്ക് നടന്നാണ് പോയിരുന്നത്.
ആഴിക്കുട്ടി കിടപ്പാകുന്നതിന് മുമ്പ് വരെ വി.എസിനെ കുറിച്ച് പറയുമായിരുന്നു. പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ ആവേശമാണ്. തിരുവിതാകൂര്‍ ഭരിച്ചിരുന്ന ദിവാനെതിരെ സമരം നയിച്ചതില്‍ ഒരുവര്‍ഷം വി.എസിനെ തടവിന് ശിക്ഷിച്ചു. എന്നാല്‍, അതിന് വിധേയനാകാതെ പൂഞ്ഞാറില്‍ കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തകനായി. ഇതിനിടെ ഒരു സന്ധ്യാനേരം എന്നെ കാണാന്‍ അണ്ണനെത്തി. വിവരമറിഞ്ഞ് പിന്നാലെ പൊലീസും. വീടിന്റെ പിന്നിലൂടെ അണ്ണനെ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തിയ കാര്യം ആവേശത്തോടെയാണ് ആഴിക്കുട്ടി പറഞ്ഞിരുന്നത്. പിന്നീട് പൊലീസിന്റെ പിടിയിലായി കൊടിയ മർദനം ഏറ്റെങ്കിലും ഒപ്പമുള്ളവരെ കുറിച്ച് ഒരക്ഷരംപോലും അണ്ണന് പറഞ്ഞില്ല.
രണ്ടുവര്‍ഷത്തിന് ശേഷം പൊലീസിന്റെ മർദനത്തിലെ മുറിപ്പാടുകളുമായി വീട്ടിലെത്തിയ അണ്ണനോട് ഇത് മതിയാക്കിക്കൂടെ എന്ന ചോദ്യത്തിന് മറുപടി, നിനക്ക് വേറെയും രണ്ട് അണ്ണന്മാരുണ്ടല്ലോയെന്നായിരുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസമായശേഷം ഇടക്ക് വിളിക്കുമായിരുന്നു. വിളിക്കാതായപ്പോള്‍ വിഷമമായിരുന്നു. പിന്നീടാണ് അറിയുന്നത് കിടപ്പിലാണെന്ന്. ഒന്ന് കാണണമെന്ന ആഗ്രഹം പലപ്പോഴും പ്രകടിപ്പിക്കുമായിരുന്നു. ഇത് പറയുമ്പോള്‍ ആഴിക്കുട്ടിയുടെ കണ്ണുകൾ ഈറനണിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.