അസ്വാഭാവിക മരണങ്ങളിൽ രാത്രിയും ഇൻക്വസ്റ്റ്
text_fieldsതിരുവനന്തപുരം: അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ നിർദേശം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. രാത്രി അസ്വാഭാവിക മരണം സംഭവിച്ചാൽ ഇൻക്വസ്റ്റ് നടത്താതെ പൊലീസ് കാവൽ ഏർപ്പെടുത്തുന്ന രീതിയാണ് നിലവിൽ. ഇതിനാണ് മാറ്റം വരുന്നത്.
രാത്രി ഫലപ്രദമായി ഇൻക്വസ്റ്റ് നടത്താൻ സ്റ്റേഷൻഹൗസ് ഓഫിസർമാർ നടപടി സ്വീകരിക്കണം. അസ്വാഭാവിക മരണങ്ങളിൽ നാലു മണിക്കൂറിനകം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നീക്കണം. ഏറെ സമയമെടുത്ത് ഇൻക്വസ്റ്റ് ആവശ്യമായി വന്നാൽ അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം.
ഇൻക്വസ്റ്റ് നടത്തുന്നതിലും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുന്നതിലും കാലതാമസമോ തടസ്സമോ ഉണ്ടാകാൻ പാടില്ല. ഇൻക്വസ്റ്റ് നടത്താനാവശ്യമായ വെളിച്ചം, മൃതദേഹം ആശുപത്രിയിൽ എത്തിക്കാനുളള സംവിധാനം, മറ്റു ചെലവുകൾ എന്നിവക്കായി ജില്ല പൊലീസ് മേധാവി നടപടി സ്വീകരിക്കണം.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രി പോസ്റ്റ്മോർട്ടം നടത്താൻ അനുമതി നൽകി സർക്കാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈകോടതി തള്ളുകയും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.