മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിന് പ്രത്യേകം അഭിനന്ദനം -കെ.ആർ. മീര
text_fieldsകൊച്ചി: വാശിയേറിയ പോരാട്ടം നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർഥികളെയാണ് യു.ഡി.എഫും എൽ.ഡി.എഫും ഗോദയിൽ ഇറക്കിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സ്കോർ ചെയ്ത യു.ഡി.എഫ് ഈസി വാക്കോവറായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, കടുത്ത മത്സരത്തിന് തങ്ങളും തയാറെന്ന് പ്രഖ്യാപിച്ചാണ് എം. സ്വരാജിനെ എൽ.ഡി.എഫ് രംഗത്തിറക്കിയത്.
വി.ടി. ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള കോൺഗ്രസ് യുവനേതാക്കളോട് സോഷ്യൽ മീഡിയയിലൂടെ നിരന്തരം ഏറ്റുമുട്ടുന്ന എഴുത്തുകാരി കെ.ആർ. മീരയും സ്വരാജിന്‍റെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ‘അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം’ എന്നായിരുന്നു മീരയുടെ ഫേസ്ബുക് കുറിപ്പ്.
എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ ചൊല്ലി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉൾപ്പെടെ പ്രമുഖ നേതാക്കൾ സി.പി.എമ്മിനെതിരെ പരിഹാസവുമായി രംഗത്തുവന്നിരുന്നു. ‘പ്രമുഖ പാർട്ടി സിറ്റിങ് സീറ്റിലേക്ക് സ്ഥാനാർഥിയെ അന്വേഷിക്കുന്നു’ എന്ന കളിയാക്കലിൽ തുടങ്ങി എം. സ്വരാജിനെ മത്സരിപ്പിക്കാൻ ‘ധൈര്യമുണ്ടോ’ എന്നുൾപ്പെടെയുള്ള പരിഹാസ പോസ്റ്റുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ‘സിറ്റിങ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം.സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോ’ എന്നായിരുന്നു രാഹുൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്. ‘സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്’ എന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന പരിഹാസത്തിന് അതേ നാണയത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ സി.പി.എം മറുപടി നൽകിയത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ വെല്ലുവിളി ഉയർത്തിയവരോട് വൈരാഗ്യമില്ലെന്നും താൻ മത്സരിക്കാൻ യോഗ്യനായതിനാലാണല്ലോ അത്തരം പരാമർശം വന്നതെന്നായിരുന്നു സ്വരാജിന്‍റെ പരാമർശം. 58 വർഷത്തിനു ശേഷമാണ് നിലമ്പൂരിൽ സി.പി.എം ചിഹ്നത്തിൽ ഒരു സ്ഥാനാർഥി മത്സരിക്കുന്നത്. തൃപ്പൂണിത്തുറ മുൻ എം.എൽ.എയായ സ്വരാജ് സ്വന്തം നാട്ടിൽ മത്സരത്തിന് ഇറങ്ങുന്നതും ആദ്യമായാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.