നിലമ്പൂരിൽ മനഃസാക്ഷി വോട്ട് -ഓർത്തഡോക്സ് സഭ
text_fieldsകോട്ടയം: നിലമ്പൂരിലെ വിശ്വാസികളായ വോട്ടർമാർ മനഃസാക്ഷി വോട്ട് ചെയ്യട്ടെയെന്ന് മലങ്കര ഓർത്തഡോക്സ് സഭ കത്തോലിക്ക ബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. സഭക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക താൽപര്യമോ മമതയോ ഇല്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം നോക്കി വോട്ട് ചെയ്യാൻ ജനങ്ങൾക്കറിയാം. ഒരു തെരഞ്ഞെടുപ്പിലും സഭ പരസ്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. വോട്ടർമാർ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സഭാതർക്കം പരിഹരിക്കാൻ ചേരുന്ന ചർച്ചയിൽ പങ്കെടുക്കുമോയെന്ന് തനിക്ക് ഒറ്റക്ക് പറയാനാകില്ല. ഈ വിഷയം സുന്നഹദോസ് ചർച്ച ചെയ്ത് തീരുമാനിക്കും. ഓറിയന്‍റൽ ഓർത്തഡോക്സ് സഭയുടെ ഒരു യോഗം ചേർന്നത് 1965ലാണ്. അതിനു ശേഷം അത്തരമൊരു യോഗം ചേർന്നില്ലെന്നും കത്തോലിക്ക ബാവ പറഞ്ഞു.
പത്രിക സമർപ്പണം: അൻവറിനെതിരെ തൃണമൂൽ പരാതി നൽകി
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക സമർപ്പണത്തിൽ പി.വി. അൻവർ നിയമലംഘനം നടത്തിയെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ഹംസ നെട്ടൂകുടി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി.
അൻവർ നാമനിർദേശപത്രിക സമയത്ത് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായും മറ്റൊന്നിൽ സ്വതന്ത്ര സ്ഥാനാർഥിയായും പത്രിക നൽകിയെന്നും ഇത് നിയമലംഘനമാണെന്നും കാണിച്ചാണ് പരാതി. മലപ്പുറം കലക്ടറേറ്റിലെത്തി എ.ഡി.എമ്മിനാണ് പരാതി കൈമാറിയത്.
ഇരട്ട നാമനിർദേശ പത്രിക സമർപ്പണം അന്വേഷിക്കണമെന്നും നിയമലംഘനം സ്ഥിരീകരിക്കപ്പെട്ടാൽ അയോഗ്യനാക്കണമെന്നും പരാതിയിൽ പറയുന്നു.
ജമാഅത്തെ ഇസ്‍ലാമിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകിയത് സി.പി.എം -രമേശ് ചെന്നിത്തല
നിലമ്പൂർ: ജമാഅത്തെ ഇസ്‍ലാമിക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമാണെന്ന് രമേശ് ചെന്നിത്തല. മുന്നണി മാറിയപ്പോൾ വർഗീയ കാർഡ് നൽകുന്നതും സി.പി.എം തന്നെ. പിണറായി വിജയന്‍ ജമാഅത്തെ ഇസ്‍ലാമിയുടെ ഓഫിസില്‍ പോയി ചര്‍ച്ച നടത്തി പിന്തുണ തേടിയിട്ടുണ്ട്. എന്നും വര്‍ഗീയശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുള്ളത് സി.പി.എമ്മാണ്. - അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.