നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് പട്ടികയിൽ അഞ്ചു പേർ
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം ഇത്തവണ ആരെ ഗോദയിലിറക്കുമെന്ന ചർച്ച സജീവം. കോൺഗ്രസ് ഏതെല്ലാം സമവാക്യങ്ങൾ നോക്കിയാണോ സ്ഥാനാർഥിയെ നിർത്തുക അതിന് വിപരീത സമവാക്യത്തിലാവും സി.പി.എം പരീക്ഷണമെന്നാണ് സൂചന.
പി.വി. അൻവറിന്റെ കരുത്തിലാണ് കഴിഞ്ഞ രണ്ടു തവണയും നിലമ്പൂർ മണ്ഡലം സി.പി.എമ്മിന് പിടിച്ചടക്കാനായത്. അൻവറിന്റെ നേട്ടമല്ല ആ വിജയമെന്ന് വരുത്തണമെങ്കിൽ വലിയ അട്ടിമറി നടക്കണം. അതിന് കരുത്തുള്ള സ്ഥാനാർഥികളാരും നിലവിൽ എൽ.ഡി.എഫ് പട്ടികയിലില്ല.
അൻവർ ഇഫക്ട് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുതന്നെയാണ് സി.പി.എം കണക്കുകൂട്ടൽ. എം. തോമസ് മാത്യു, ഷെറോണ റോയ്, പി. ഷബീർ, സലീം മാട്ടുമ്മൽ, ഇ. പത്മാക്ഷൻ തുടങ്ങിയവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഫുട്ബാൾ താരം യു. ഷറഫലിയെ സ്വതന്ത്രനായി മത്സരിപ്പിക്കുന്നതിനെക്കുറിച്ചും ആലോചന നടന്നിരുന്നു.
1996ലും 2011ലും ആര്യാടൻ മുഹമ്മദിനെതിരെ മത്സരിച്ച എം. തോമസ് മാത്യു ചുങ്കത്തറ സ്വദേശിയാണ്. കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗമായിരുന്ന അദ്ദേഹം ആര്യാടൻ മുഹമ്മദിന്റെ ഭൂരിപക്ഷം അയ്യായിരത്തിലെത്തിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ജില്ല പഞ്ചായത്തംഗം ഷെറോണ റോയി വഴിക്കടവ് ഡിവിഷനിൽനിന്ന് അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പി. ഷബീർ ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ല പ്രസിഡൻറും സലീം മാട്ടുമ്മൽ നിലമ്പൂർ നഗരസഭ ചെയർമാനും ഇ. പത്മാക്ഷൻ സി.പി.എം ജില്ല കമ്മിറ്റി അംഗവുമാണ്. ഇവരിലൊരാളാവും സ്ഥാനാർഥിയെന്നാണ് സി.പി.എം കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.
വി.എസ്. ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് കോൺഗ്രസ് പട്ടികയിലുള്ളത്. ഷൗക്കത്തിനുവേണ്ടി ലീഗും മറ്റു സാമുദായിക സംഘടനകളും സമ്മർദം ശക്തമാക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ ചിത്രം. ആര്യാടൻ ഷൗക്കത്ത് കോൺഗ്രസുമായി ഇടഞ്ഞാൽ എൽ.ഡി.എഫ് സ്വതന്ത്രനാവുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞ സ്ഥിതിക്ക് ആ സാധ്യത മങ്ങിയിരിക്കുകയാണ്. മണ്ഡലത്തിൽ 42,000ത്തോളം ഉറച്ച വോട്ടുകൾ സി.പി.എമ്മിനുണ്ടെന്നാണ് കണക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.