കുത്തിയൊലിച്ച് ന്യൂനപക്ഷ വോട്ടുകൾ; ഞെട്ടലിൽ സി.പി.എം നേതൃത്വം, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയെ തുണച്ച ക്രൈസ്തവ വോട്ടുകളും കൈവിട്ടു
text_fieldsമലപ്പുറം: പാർട്ടി ചിഹ്നത്തിൽ നാട്ടുകാരനായ സെക്രട്ടേറിയറ്റ് അംഗത്തെ പരീക്ഷിച്ചിട്ടും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഞെട്ടലിലാണ് സി.പി.എം നേതൃത്വം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ലഭിച്ച മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ വിട്ടുപോയതാണ് തോൽവിയുടെ ആഘാതം വർധിപ്പിച്ചത്.
പരമ്പരാഗതമായി എൽ.ഡി.എഫിന് ലഭിച്ചുപോന്ന മുസ്ലിംവോട്ടുകൾ വരെ ഇത്തവണ യു.ഡി.എഫിലേക്കും പി.വി. അൻവറിലേക്കുമായി ചേക്കേറി. ആർ.എസ്.എസ് ബന്ധം സമ്മതിച്ചുള്ള തെരഞ്ഞെടുപ്പ് തലേന്നാളിലെ പാർട്ടി സെക്രട്ടറിയുടെ പ്രസ്താവന വോട്ടർമാരിലെ നീരസം ഇരട്ടിയാക്കി. ജമാഅത്തെ ഇസ്ലാമിക്കെതിരായ ആക്ഷേപം മറയാക്കി ഭൂരിപക്ഷ ധ്രുവീകരണത്തിന് ശ്രമിച്ചതും ഫലം കണ്ടില്ല.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയെ തുണച്ച ക്രൈസ്തവ വോട്ടുകളും യു.ഡി.എഫിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിന്റെ സൂചന കൂടി നൽകുന്നതിനാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുംദിവസങ്ങളിൽ ഏറെ ഗൗരവത്തോടെ ചർച്ചയായേക്കും. അതേസമയം, ശക്തമായ ത്രികോണ മത്സരത്തിലും പാർട്ടി വോട്ടുകൾ ഒരുപരിധി വരെ നിലനിർത്താനായത് സി.പി.എമ്മിന് ആശ്വാസമായി.
മലപ്പുറം ജില്ലയിലെ സി.പി.എം നേതൃത്വത്തിനും വലിയ ആശങ്കകളാണ് ഈ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ നാലിടത്ത് ഇടതുസ്ഥാനാർഥികൾ വിജയിച്ചിരുന്നു. പെരിന്തൽമണ്ണയിൽ വെറും 38 വോട്ടിനാണ് ഇടതുസ്ഥാനാർഥി പരാജയപ്പെട്ടത്.
ലീഗ് വിജയിച്ച മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം കുറക്കാനുമായി. ന്യൂനപക്ഷ വോട്ടുകളിൽ നല്ലൊരു പങ്ക് എൽ.ഡി.എഫിന് ലഭിച്ചതിന്റെ ഫലമായിരുന്നു അത്. എന്നാൽ, പൊലീസിന്റെ സംഘ്പരിവാർ അനുകൂല നിലപാടുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ സൃഷ്ടിച്ച അവിശ്വാസവും പിണറായി വിജയൻ, എ. വിജയരാഘവൻ അടക്കമുള്ളവരുടെ മലപ്പുറംവിരുദ്ധ പ്രസ്താവനകളും കാരണം നല്ലൊരു പങ്ക് ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽനിന്ന് അകന്നുവെന്നുകൂടി നിലമ്പൂർ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം ജില്ലയിലെ പാർട്ടി സമ്മേളനങ്ങളിൽ പ്രതിനിധികൾ നേരത്തേത്തന്നെ ചൂണ്ടിക്കാട്ടിയതുമാണ്.
നിലമ്പൂർ നഷ്ടപ്പെട്ടതോടെ നിലവിൽ മൂന്ന് സീറ്റുകളാണ് ഇടതുപക്ഷത്തിനുള്ളത്. അതിൽ പൊന്നാനിയിൽ മാത്രമാണ് പാർട്ടി എം.എൽ.എ ഉള്ളത്. തവനൂരും താനൂരും സ്വതന്ത്രരാണ്. തവനൂരിൽ 2,564 വോട്ടിനും താനൂരിൽ 985 വോട്ടിനുമാണ് യഥാക്രമം കെ.ടി. ജലീലും വി. അബ്ദുറഹ്മാനും വിജയിച്ചത്. ഭരണവിരുദ്ധവികാരം ശക്തമാണെന്ന് നിലമ്പൂർ തെളിയിച്ചതോടെ തവനൂരും താനൂരും നിലനിർത്താൻ പാർട്ടിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
നിലമ്പൂർ മണ്ഡലത്തിലെ ഏഴ് തദ്ദേശസ്ഥാപനങ്ങളിൽ നിലമ്പൂർ നഗരസഭയും പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരണത്തിലാണ്. ചുങ്കത്തറയും എൽ.ഡി.എഫ് ഭരണത്തിലായിരുന്നെങ്കിലും അൻവറിന്റെ ഇടപെടലിൽ യു.ഡി.എഫിന് കീഴിലായി. അൻവർ വഴിയായിരുന്നു ഇവിടെ എൽ.ഡി.എഫിന്റെ കഴിഞ്ഞ തവണത്തെ മികച്ച തദ്ദേശ വിജയങ്ങൾ. ഇനി ഈ നില തുടരാനാകുമോ എന്നാണ് പാർട്ടിയിൽ ആശങ്ക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.