സുബൈദയുടെ വീട്ടിൽ നിലവിളക്ക് തെളിഞ്ഞു; റീഷ്മക്ക് റിനൂപ് മിന്നുകെട്ടി
text_fieldsതലശ്ശേരി: വീട്ടിൽ സ്വന്തം മകളെപോലെ വളർന്ന യുവതിയെ വിവാഹം കഴിപ്പിച്ച് ദമ്പതികൾ. മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറം സ്നേഹവും കാരുണ്യവുമാണ് ജീവിതമെന്ന് ഉദ്ഘോഷിക്കുകയാണ് തലശ്ശേരി മൂന്നാം റെയിൽവേ ഗേറ്റിന് സമീപം മെഹനാസിൽ പി.ഒ. നാസിയും പി.എം. സുബൈദയും. വളർത്തുമകളായ ബേബി റീഷ്മയാണ് ഞായറാഴ്ച വിവാഹിതയായത്. മുറ്റത്ത് പന്തൽകെട്ടി നിലവിളക്കിനെ സാക്ഷിനിർത്തി ഹൈന്ദവാചാരങ്ങളോടെയാണ് റീഷ്മയുടെ കഴുത്തിൽ കരിയാട് സ്വദേശി റിനൂപ് മിന്നുകെട്ടിയത്.
നാട്ടുകാരനായ എം.സി. ബാലൻ കാർമികത്വം വഹിച്ചു. മാല, വള, കമ്മൽ, മോതിരം ഉൾെപ്പടെ ആഭരണങ്ങളും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയും നൽകിയാണ് റീഷ്മയെ വിവാഹം കഴിപ്പിച്ചയച്ചത്. എത്തിയവർക്ക് വിവാഹസദ്യയും നൽകി. റീഷ്മയുടെ മാതാവ് വയനാട് ബാവലി സ്വദേശിനി ജാനുവും സഹോദരൻ രാജേഷും കൊച്ചുസഹോദരിയും ചടങ്ങിൽ സംബന്ധിച്ചു. നേരത്തേ ജാനു ഈ വീട്ടിൽ ജോലി ചെയ്തിരുന്നു. 13 വർഷം മുമ്പ് മകളെ വീട്ടുകാരെ ഏൽപിച്ച് പോവുകയായിരുന്നു.
സുബൈദയും കുടുംബവും റീഷ്മയെ പഠിപ്പിക്കുകയും സ്വന്തം മക്കൾക്കൊപ്പം മകളായി വളർത്തുകയുമായിരുന്നു. കുട്ടി മുതിർന്നപ്പോൾ വളർത്തുമാതാപിതാക്കൾ വരനെ അന്വേഷിച്ച് നടന്നപ്പോഴാണ് കരിയാട്ടെ ആലോചന ഒത്തുവന്നത്. ഞായറാഴ്ച വരന്റെ കരിയാട്ടെ വീട്ടിൽ വധുവിന്റെ വീട്ടുകാർക്കും അയൽവാസികൾക്കും സൽക്കാരവുമുണ്ടായിരുന്നു. ചൊവ്വാഴ്ച്ച മൂന്നാംഗേറ്റിലെ വീട്ടിലും സൽക്കാരമൊരുക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.