നിമിഷപ്രിയ: ഇടപെടൽ ഗുണം ചെയ്തതിന്റെ സന്തോഷത്തിൽ റിയാദിലെ പ്രവാസി വ്യവസായി
text_fieldsസാജൻ ലത്തീഫ്
റിയാദ്: നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ച കോടതി വിധിയിൽ ചാരിതാർഥ്യവുമായി റിയാദിലെ പ്രവാസി വ്യവസായി. ഈ വിഷയത്തിൽ കുറച്ചുനാളുകളായി ഇടപെടൽ നടത്തിവന്ന ബംഗളുരു സ്വദേശി സാജൻ ലത്തീഫ് കൊല്ലപ്പെട്ട യമനി പൗരൻ തലാലിന്‍റെ കുടുംബവുമായി താനും ചാണ്ടി ഉമ്മൻ എം.എൽ.എയും ഓൺലൈനായി നേരിട്ടാണ് ചർച്ച നടത്തിയിരുന്നതെന്ന് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
താനും ചാണ്ടി ഉമ്മനുമല്ലാതെ ആരും ഇതുവരെ തലാലിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഇപ്പോൾ കേരളത്തിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാപരമല്ലെന്നും സാജൻ പറഞ്ഞു. കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. കാര്യങ്ങളെല്ലാം ചാണ്ടി ഉമ്മൻ വിശദീകരിക്കും. വാർത്തയിൽ ഇടം നേടാൻ താൽപര്യമില്ല. അതുകൊണ്ടാണ് മാധ്യമങ്ങളോടൊന്നും പറയാതിരുന്നത്. നടന്ന കാര്യങ്ങൾക്കെല്ലാം രേഖകൾ തന്നെ തെളിവായുണ്ട്. എന്നാൽ, വിശദാംശങ്ങൾ മുഴുവൻ ഇപ്പോൾ പൊതുസമൂഹത്തോട് പങ്കവെക്കുന്നതിന് കരാർ അനുസരിച്ച് തടസമുണ്ട്. ദിയാധനത്തിന്റെ കാര്യത്തിൽ ഉൾപ്പടെ ധാരണയുണ്ടായിട്ടുണ്ടെന്നും സാജൻ കൂട്ടിച്ചേർത്തു.
ഇപ്പോഴുണ്ടായ വിധി കൂട്ടായ ശ്രമങ്ങളുടെ ഫലമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. റിയാദിൽ വ്യവസായിയായ ബംഗളുരു സ്വദേശി സാജൻ ലത്തീഫിന്റെ ഇടപെടൽ ഇക്കാര്യത്തിൽ പ്രയോജനം ചെയ്തെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. യമനിലെ തലാലിന്‍റെ കുടുംബവുമായി സാജൻ ലത്തീഫ് ബന്ധപ്പെട്ട് സംസാരിച്ചിരുന്നത് തനിക്കറിയുന്ന കാര്യമാണ്. താനുമായി ചേർന്നാണ് സാജൻ ലത്തീഫ് ഈ ശ്രമങ്ങൾ നടത്തിയതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താൻ കത്ത് നൽകിയിരുന്നു. അദ്ദേഹവും കാര്യമായ ഇടപെടൽ നടത്തി. എന്നാൽ, കോടതി വിധിയുണ്ടായത് ആരുടെ ശ്രമഫലമാണെന്ന് കൃത്യമായി അറിയില്ലെന്നും താത്കാലികമായെങ്കിലും ആശ്വാസ വിധിയുണ്ടായതിന്റെ ആഹ്ലാദത്തിലാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.