നിപ: 160 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു
text_fieldsപാലക്കാട്: ‘നിപ’യുമായി ബന്ധപ്പെട്ട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം 160 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പുണെയിലേക്ക് അയച്ചതായി ജില്ല കലക്ടർ അറിയിച്ചു. സംഘം ചൊവ്വാഴ്ച അഗളിയിലെ കള്ളമല സന്ദർശിച്ചു.
നിപ രോഗബാധ കണ്ടെത്തിയ പ്രദേശത്ത് ചൊവ്വാഴ്ച മൃഗങ്ങൾക്കിടയിൽ അസ്വാഭാവിക മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒരു വവ്വാലിന്റെ ജഡം സാമ്പ്ൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നിലവിൽ ജില്ലയിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ കുമരംപുത്തൂർ സ്വദേശി മരിച്ചു. തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്.
12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. അഞ്ചുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കുമരംപുത്തൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 178 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിൽ 31 പേർ ഹൈ റിസ്ക് ലിസ്റ്റിലും 75 പേർ ലോ റിസ്ക് ലിസ്റ്റിലുമുണ്ട്. ജില്ല മാനസികാരോഗ്യ വിഭാഗം ചൊവ്വാഴ്ച 63 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി.
കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചശേഷം 403 കുടുംബങ്ങൾക്ക് നേരിട്ട് റേഷൻ നൽകിയതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകളിൽ കർശന നിയന്ത്രണം തുടരുന്നുണ്ട്. ജില്ല ഭരണകൂടം തയാറാക്കിയ നിപ രോഗിയുടെ റൂട്ട് മാപ്പിൽ പരാമർശിക്കാത്ത കെ.എസ്.ആർ.ടി.സി യാത്രകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.