നിപ: പാലക്കാട് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്, കേരളത്തിൽ നിന്നുള്ളവർ മാസ്ക് ധരിക്കാൻ നിർദേശം
text_fieldsകോഴിക്കോട്/പാലക്കാട്: പാലക്കാട്ട് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ അതിർത്തിയിൽ തമിഴ്നാട് സർക്കാർ പരിശോധന ശക്തമാക്കി. വൈറസ് ബാധ അതിർത്തി നഗരമായ കോയമ്പത്തൂരിനെ ബാധിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയതോടെയാണ് ആനക്കട്ടി മുതൽ ചെമ്മണാമ്പതി വരെ പ്രധാന 11 ചെക്പോസ്റ്റുകളിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കിയത്. കോയമ്പത്തൂർ ജില്ല അതിർത്തിയിൽ പി.പി.ഇ കിറ്റ് ധരിച്ചുള്ള പരിശോധന തുടങ്ങി. ബസുകൾ, ട്രക്കുകൾ, കേരളത്തിൽ നിന്നുള്ള മറ്റു വാഹനങ്ങൾ എന്നിവ കർശന പരിശോധനക്കു ശേഷമാണ് തമിഴ്‌നാട്ടിലേക്ക് വിടുന്നത്.
കേരളത്തിൽ നിന്ന് വരുന്നവർ മാസ്ക് ധരിക്കാൻ നിർദേശം നൽകുന്നുണ്ട്. വാളയാർ ചെക്പോസ്റ്റ് വഴി യാത്ര ചെയ്യുന്നവരുടെ താപനില പരിശോധിക്കുന്നുണ്ടെന്ന് മധുക്കരൈ സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ രാജ്കുമാർ പറഞ്ഞു. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയും ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെയും രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെയും മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന.
ആർക്കെങ്കിലും പനി ഉണ്ടെന്ന് കണ്ടെത്തിയാൽ ആശുപത്രിയിൽ ചികിത്സ നൽകാനും പേരും ഫോൺ നമ്പറും വിലാസവും നേടാനും നിർദേശമുണ്ട്. കടുത്ത പനി ബാധിച്ചവരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം ഭാഗത്ത് പ്രത്യേക സംഘം നിലയുറപ്പിച്ചിട്ടുണ്ട്. മൊബൈൽ സംഘങ്ങൾ ചെക്പോസ്റ്റ് ഇല്ലാത്ത ചെറുവഴികളിലും നിരീക്ഷണം ശക്തമാക്കിയതായി കോയമ്പത്തൂർ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 723 പേരാണ്. ഇതില്‍ 51 പേരാണ് പുതുതായി നിപ സംശയിക്കുന്നയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട് -394, മലപ്പുറം -212, കോഴിക്കോട് -114, എറണാകുളം -രണ്ട്, തൃശൂർ -ഒന്ന് എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 10 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 142 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. പാലക്കാട്ട് മരിച്ചയാളുടെ മകന് പ്രാഥമിക പരിശോധനയില്‍ നിപ സംശയത്തെ തുടർന്ന് റൂട്ട് മാപ് തയാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.
അതിനിടെ, നിപ പ്രാഥമികമായി സ്ഥിരീകരിച്ച പാലക്കാട് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് രക്തസാമ്പിളുകള്‍ ശേഖരിക്കാൻ തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് സാമ്പ്ള്‍ ശേഖരിക്കുന്നത്.
നിപ സ്ഥിരീകരിച്ച മോതിക്കല്‍ വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കന്നുകാലികള്‍, ആട്, നായ് എന്നിവയുടെ രക്തസാമ്പിളുകളാണ് ശേഖരിച്ചത്. ബുധനാഴ്ച 10 കന്നുകാലികള്‍, 11 ആടുകള്‍, ഒരു നായ് എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഭോപാലിലെ ഹൈസെക്യൂരിറ്റി ലാബിലേക്ക് അയക്കുമെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസം തെരുവുനായ്ക്കളുടെ രക്തസാമ്പിളുകളും ശേഖരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.