നിപ: നിയന്ത്രണ വിധേയം, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിപ വൈറസ് ആശങ്ക ഒഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗത്തിെൻറ ഒന്നാംഘട്ട സാഹചര്യം പൂർണമായും നിയന്ത്രണ വിധേയമാണ്. രണ്ടാം ഘട്ടത്തിൽ രോഗവ്യാപനം ഏറുമെന്ന ആശങ്ക ഉണ്ടായിരുെന്നങ്കിലും പുതിയ സ്രോതസ്സ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ ചികിത്സാ ചെലവ് തിരികെ നൽകുമെന്നും സര്‍വകക്ഷിയോഗശേഷം മുഖ്യമന്ത്രി പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് ചികിത്സാ ചെലവ് മടക്കി നൽകുക.
കോഴിക്കോട് ജില്ലയില്‍ 2400 ഉം മലപ്പുറം ജില്ലയില്‍ 150 ഉം റേഷന്‍കിറ്റ് വിതരണം ചെയ്യും. 10 കിലോ അരിയും ഒരുകിലോ പഞ്ചസാരയും പലവ്യഞ്ജനവും അടങ്ങുന്നതാണ് കിറ്റ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും 12 വരെ അവധിയായിരിക്കും. ജില്ലകളില്‍ 30 വരെ ജാഗ്രത പുലർത്തും. പൊതുകൂട്ടായ്മകളും മറ്റും ഒഴിവാക്കണം. നവമാധ്യമങ്ങള്‍ വഴി അനാവശ്യ ഭീതിപരത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
ജില്ലകളിൽ ശുചീകരണം ഊര്‍ജിതമാക്കണമെന്ന സര്വകക്ഷിയോഗത്തിെൻറ നിര്‍ദേശം പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കും. നിപ ബാധ വേഗം കണ്ടെത്തി പ്രതിരോധിക്കാനും മരണനിരക്ക് കുറക്കാനുമായ സ്ഥലം കേരളമാണ്. ആരോഗ്യപ്രവര്‍ത്തകരെയും ജീവനക്കാരെയും നാട്ടുകാരെയും മുഖ്യമന്ത്രിയും കക്ഷിനേതാക്കളും അഭിനന്ദിച്ചു. ചികിത്സയുടെ ആദ്യഘട്ടത്തില്‍തന്നെ നിപ വൈറസ് സംശയിച്ചതും തുടര്‍നടപടി സ്വീകരിച്ചതും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തില്‍ രോഗം പടരുമെന്ന ആശങ്കക്ക് സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസവും നടത്തിയ സാമ്പിള്‍ പരിശോധനകളില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടില്ല.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിതയുടെ നേതൃത്വത്തിലുള്ള സംഘം ജൂൺ മുഴുവന്‍ കോഴിക്കോട്ട് തുടരും. അവസരം ചൂഷണം ചെയ്ത് മാസ്കിനും മറ്റും വില വര്ധിപ്പിച്ചവര്ക്കെതിരെയും നടപടി സ്വീകരിക്കും. വിദേശയാത്രക്ക് വിലക്കുണ്ടാവാതിരിക്കാന് കേന്ദ്രസര്‍ക്കാറിനോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈറസ് സംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ച ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. അനൂപ്, ഡോ. ജയകൃഷ്ണന്, മൃതദേഹം മറവുചെയ്യാൻ നേതൃത്വം നൽകിയ കോർപറേഷൻ ഹെൽത്ത് ഒാഫിസർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
ജൂൺ അവസാനം വരെ ജാഗ്രത തുടരും -ആരോഗ്യ മന്ത്രി
നവമാധ്യമങ്ങളിൽ പ്രചാരണം മാറ്റിനിർത്തിയാൽ രോഗവ്യാപനം തടയുന്നതിൽ മാധ്യമങ്ങൾ നല്ല പങ്ക് വഹിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ജാഗ്രത തുടരണം. ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ സംവിധാനങ്ങൾ തുടരും. മികച്ച പ്രവർത്തനമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് നടത്തിയത്. കേന്ദ്ര സർക്കാറിൽ നിന്നും മികച്ച സഹായം ലഭിച്ചു. രണ്ടാം ഘട്ടത്തിൽ രോഗവ്യാപനം കൂടുതൽ ഉണ്ടായില്ല. ജൂൺ അവസാനം വരെ ജാഗ്രത തുടരണം. കോഴിക്കോട് കേന്ദ്രീകരിച്ച് ജൂൺ അവസാനം വരെ സർക്കാർ സഹായം ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സർക്കാറിന്റെത് മികച്ച പ്രവർത്തനം -ചെന്നിത്തല
നിപ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന്റെത് മികച്ച പ്രവര്‍ത്തനമാണെന്നും സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.