നിപ: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം
text_fieldsതിരുവനന്തപുരം: നിപ വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം. 18 കേസുകളിൽ രോഗബാധ സ്ഥിരീകരിച്ചതിൽ 16 പേർ മരിച്ചു. കൂടുതൽ രോഗബാധയുണ്ടാകാത്ത സാഹചര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകളേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ വൈറസ് ബാധമൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ള രണ്ടായിരത്തോളം പേരാണ് നിരീക്ഷണത്തിൽ.
ഇവർക്കൊഴികെ മറ്റുള്ളവർക്ക് യാത്രക്കോ ജോലിക്കോ പോകാൻ ഭയപ്പെടേണ്ട സാഹചര്യം കോഴിക്കോട്, മലപ്പുറം ജില്ലകളിലില്ലെന്ന് യോഗം വിലയിരുത്തി. നിരീക്ഷണത്തിലുള്ളവരിൽ ആവശ്യമുള്ളവർക്ക് ഭക്ഷ്യസാധന കിറ്റ് സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകാൻ കോഴിക്കോട്, മലപ്പുറം കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.വൈറസ് ബാധ പൂർണമായും നിയന്ത്രിക്കപ്പെെട്ടന്ന് ഉറപ്പാകും വരെ തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം കോഴിക്കോട്ട് തുടരും. ഇന്ത്യൻ കൗണ്സിൽ ഫോർ മെഡിക്കൽ റിസർച്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വിദഗ്ധരുമുണ്ടാകും.
കോഴിക്കോട്, മലപ്പുറം കലക്ടർമാരുമായി വിഡിയോ കോണ്ഫറൻസിലൂടെ മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യഡയറക്ടർ ഡോ. ആർ.എൽ. സരിതയും പങ്കെടുത്തു. നിരീക്ഷണത്തിലുള്ളവരുടെ വിവരവും രോഗപ്രതിരോധവും ഐ.ടി സംവിധാനം ഉപയോഗിച്ച് ക്രോഡീകരിക്കാനാവശ്യമായ പിന്തുണ കലക്ടർമാർക്ക് ഐ.ടി വകുപ്പ് ലഭ്യമാക്കും. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ സുബ്രേതാ ബിശ്വാസ്, ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ: ഭൂരിപക്ഷവുമെത്തിയത് നിപ ഭീതിയില്ലാതെ
കോഴിക്കോട്: നിപ ഭീതിയിൽ മാസ്ക് അണിഞ്ഞ് കുറച്ചുപേർ; ‘പേടിയല്ല ജാഗ്രതയാണ് വേണ്ടത്’ എന്ന ആരോഗ്യവകുപ്പിെൻറ മുദ്രാവാക്യം മനസ്സിൽ ധ്യാനിച്ച് ഭൂരിപക്ഷം പേർ. നിപ ഭീതിയുെട പശ്ചാത്തലത്തിൽ നടന്ന സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ തികച്ചും ‘സമാധാന’പരമായിരുന്നു. കോഴിക്കോെട്ട വിവിധ കോളജുകളിലും സ്കൂളുകളിലുമായി ആയിരക്കണക്കിന് േപരാണ് പരീക്ഷക്കെത്തിയത്.
സംസ്ഥാനത്ത് തിരുവനന്തപുരം, െകാച്ചി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു. മലബാറിലെ ഭൂരിപക്ഷം േപർക്കും കോഴിക്കോട്ടായിരുന്നു കേന്ദ്രം. ശനിയാഴ്ചതന്നെ എത്തി ഉന്നത നിലവാരമുള്ള എൻ 95 മാസ്കുമായണ് ഞായറാഴ്ച ഇതരജില്ലകളിൽ നിന്നുള്ള ചിലരെത്തിയത്. ചില പരീക്ഷാർഥികൾ ഹോട്ടലിൽ മുറിയെടുക്കാതെ ബന്ധുവീടുകളിൽ താമസിച്ചു. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കരുെതന്ന് വീട്ടുകാർ കർശന നിർദേശം നൽകിയിരുന്നു. ഭയം കാരണം വരാതിരുന്നവരുമുണ്ട്.
മാസ്ക് ധരിച്ച് പരീക്ഷഹാളിൽ കടക്കാനാവില്ലെന്ന് കരുതി മാസ്ക് വാങ്ങാതെ വന്നവരുമുണ്ടായിരുന്നു. എന്നാൽ, ഭാവിയിൽ െഎ.എ.എസും െഎ.പി.എസും നേടിയാൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽനിന്ന് മാറിനിൽക്കാനാവില്ലെന്ന യാഥാർഥ്യമുൾക്കൊണ്ട് ധൈര്യപൂർവം എത്തിയവരായിരുന്നു കൂടുതലും.കോഴിക്കോെട്ട കേന്ദ്രങ്ങളിലെ പരീക്ഷ മറ്റു ജില്ലകളിൽ നടത്തണെമന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിനും മുഖ്യമന്ത്രി പിണറായി വിജയനും പരീക്ഷ നടത്തിപ്പുകാരായ യൂനിയൻ പബ്ലിക് സർവിസ് കമീഷനും ചില വിദ്യാർഥികൾ കത്തയച്ചിരുന്നു. എന്നാൽ, ഇത് അധികൃതർ പരിഗണിച്ചില്ല.
രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയും രണ്ട് േപപ്പറുകളാണ് പരീക്ഷക്കുണ്ടായിരുന്നത്. ഒന്നാം പേപ്പർ അൽപം ബുദ്ധിമുട്ടായിരുന്നു. ഇതിലെ സമകാലിക സംഭവങ്ങളെക്കുറിച്ച ചോദ്യങ്ങൾ അത്ര സമകാലികമല്ലെന്ന് പരാതിയുണ്ട്. സർക്കാറിെൻറ പദ്ധതികളെക്കുറിച്ച ചോദ്യങ്ങൾ കുറവായിരുന്നു.
നിപ: വ്യാജ സന്ദേശം പ്രചരിപ്പിച്ച അഞ്ചുപേർ കൂടി അറസ്റ്റിൽ
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. വ്യാജ പ്രചാരണം നടത്തിയ അഞ്ചുപേരെ ഞായറാഴ്ച പിടികൂടിയതോടെ അറസ്റ്റിലായവരുടെ എണ്ണം13 ആയി. ഫറോക്ക് സ്വദേശി അബ്ദുൽ അസീസ്, മൂവാറ്റുപുഴ സ്വദേശികളായ അൻസാർ, ഫെബിൻ, അൻഷാജ്, ശിഹാബ് എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. മൂവാറ്റുപുഴക്കാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജില്ല മെഡിക്കൽ ഒാഫിസറുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലാണ് നടപടിയെന്ന് നടക്കാവ് സി.െഎ ടി.കെ. അശ്റഫ് അറിയിച്ചു.
നിപ വൈറസ് കോഴിയിറച്ചി വഴി പകരുമെന്നതിനാൽ ഇറച്ചി വിഭവം ഒഴിവാക്കണമെന്ന വ്യാജ സന്ദേശമാണ് ഇവർ പ്രചരിപ്പിച്ചത്. എന്നാൽ, ഡി.എം.ഒയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയത് ഇവരെല്ലന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വ്യാജ കത്തിൽ പതിച്ച സീൽ ബംഗാളിലെ ഹുഗ്ലി ചുർച്ചുറയിലെ അഡീഷനൽ ജില്ല സബ് മജിസ്ട്രേറ്റിേൻറതാണ്. അവിടത്തെ സീൽ ഇവിടെ വ്യാജമായി നിർമിച്ചെന്നാണ് പ്രാഥമിക നിഗമനം. ആരാണ് വ്യാജ കത്ത് നിർമിച്ചെതന്ന് അന്വേഷിച്ചുവരികയാണെന്നും സി.െഎ പറഞ്ഞു. മേയ് 27 മുതലാണ് വ്യാജ കത്ത് വാട്സ്ആപ് വഴി പ്രചരിച്ചത്. ഇതേ േകസിൽ നടക്കാവ് സ്വദേശി മുഹമ്മദ് ഹനീഫ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഫറോക്ക് മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിപ ൈവറസ് ബാധ സ്ഥിരീകരിച്ചതായി പ്രചരിപ്പിച്ച് ഭീതി പരത്തിയെന്ന കേസിൽ നല്ലൂർ സ്വദേശികളായ ‘ശ്രുതി നിവാസി’ൽ ദിബിജ് (24), ‘ചെറാട്ട് ഹൗസി’ൽ നിമേഷ് (25), അയ്യൻപാടത്ത് വൈഷ്ണവ് (20), കള്ളിയിൽ ദിൽജിത്ത് (23), പേട്ടങ്ങാട്ട് വിഷ്ണുദാസ് (20) എന്നിവരെ ഫറോക്ക് പൊലീസും ഹൈലൈറ്റ് മാളിലും പരിസര പ്രദേശത്തും നിപ വൈറസ് ബാധയുണ്ടെന്നും ആളുകൾ അവിടേക്ക് പോകരുതെന്നുമുള്ള ശബ്ദ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ ചെറുവാടി സ്വദേശി ഫസലുദ്ദീൻ, അരീക്കോട് സ്വദേശി മുഹമ്മദ് ഫസീൽ എന്നിവരെ നല്ലളം പൊലീസും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. വാട്സ്ആപ്പിലൂടെ തെറ്റായ പ്രചാരണം നടത്തിയാൽ അഡ്മിന്മാരെയും കേസിൽ പ്രതികളാക്കും. തെറ്റായ കാര്യങ്ങൾ മറ്റു ഗ്രൂപ്പുകളിലേക്ക് കൈമാറാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ നിർദേശിച്ചു. നിപ ബാധിച്ച് മരിച്ച ചിലരുടെ ബന്ധുക്കൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്. ഇവരെ ഒറ്റപ്പെടുത്തുക ലക്ഷ്യമിട്ടുകൂടിയാണിത്. നിപ ഭീതികാരണം കേരളത്തിെൻറ അതിർത്തികൾ ഉടൻ അടക്കുമെന്നുവരെ സന്ദേശം പ്രചരിക്കുന്നുണ്ട്.
നിപ മുൻകരുതൽ: സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പൂട്ടി
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ഉപകാരപ്രദമായ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ നിപയെത്തുടർന്നുള്ള മുൻകരുതലിെൻറ ഭാഗമായി പൂട്ടി. ‘കനിവ്’, ‘സഹായി’ എന്നീ സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണം ആരോഗ്യ വിഭാഗം അറിയിച്ചതനുസരിച്ച് ശനി, ഞായർ ദിവസങ്ങളിലായി പ്രവർത്തനം അവസാനിപ്പിച്ചു. തിരക്ക് കുറഞ്ഞതിനാൽ പരിസരത്തെ നാലു ഹോട്ടലുകളും പൂട്ടി. ബിരിയാണി ഹട്ട്, റെയിൻബോ, കൈരളി, വേണാട് എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിലായി അടച്ചത്. കൂടാതെ, ചെറിയ ചായക്കടകളും ഒാറഞ്ചും മറ്റു പഴങ്ങളും വിൽക്കുന്ന കടകളും പൂട്ടിയിട്ടുണ്ട്.
ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിച്ചിരുന്ന ഭക്ഷണകേന്ദ്രങ്ങളും ഹോട്ടലുകളും പൂട്ടിയതോെട രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. എന്നാൽ, സി.എച്ച്. സെൻറർ പ്രവർത്തിക്കുന്നത് രോഗികൾക്ക് ആശ്വാസമാണ്. നിരവധി പേരാണ് നോമ്പുകാലത്തും അല്ലാതെയുമായി ഭക്ഷണത്തിന് ഇൗ സംഘടനകളെ ആശ്രയിച്ചിരുന്നത്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കുന്ന മുൻകരുതലിെൻറ ഭാഗമായി ജനങ്ങൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഭക്ഷണ വിതരണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെതന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.

നിപ: പവിഴമല്ലിയുടെ ഇല മരുന്നെന്ന് പ്രചാരണം
കോഴിക്കോട്: പവിഴമല്ലിയുടെ ഇല കഴിച്ചാൽ നിപ വൈറസ് കാരണമുള്ള പനി മാറുമെന്ന് തെറ്റായ പ്രചാരണം. ‘നിപ വൈറസ് വരുമെന്ന് നമ്മുടെ സിദ്ധന്മാർ ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ് പറഞ്ഞിട്ടുണ്ട്. സിദ്ധ വൈദ്യത്തിൽ പവിഴമല്ലിയുടെ ഇല അഞ്ച് എണ്ണം 200 മില്ലി വെള്ളത്തിൽ പിച്ചി കീറിയിട്ടു ചെറുചൂടിൽ തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് രോഗിക്ക് കൊടുത്താൽ നിപ വൈറസ് മൂലമുള്ള പനിയിൽനിന്ന് രക്ഷനേടാം’ എന്നാണ് പ്രചാരണം. എല്ലാവർക്കും ഷെയർ ചെയ്തുകൊടുക്കുക -കടപ്പാട് മനോജ് എന്ന് രേഖപ്പെടുത്തിയ സന്ദേശം പവിഴമല്ലിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ചിലർ വാട്സ് ആപ് വഴി പ്രചരിപ്പിക്കുന്നത്.
െറസിഡൻറ്സ് അസോസിയേഷനുകളുടെയടക്കം വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് പ്രചാരണം. നിപ പ്രതിരോധമെന്നു പറഞ്ഞ് ഹോമിയോ മരുന്ന് കഴിച്ച നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് പവിഴമല്ലി ഇലയുടെ പേരിലുള്ള തെറ്റായ പ്രചാരണം.
വയനാട് ജില്ലയിൽ നിപ വൈറസ് ബാധയില്ല
മാനന്തവാടി: കോഴിക്കോട്, മലപ്പുറം ജില്ലകളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ആശങ്കകൾക്കിടെ വയനാടിന് ശുഭവാർത്ത. കഴിഞ്ഞദിവസം സംശയത്തിെൻറ അടിസ്ഥാനത്തിൽ പുൽപള്ളി, കേണിച്ചിറ സ്വദേശികളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ നെഗറ്റിവാണെന്ന് സ്ഥിരീകരിച്ചു. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും നിപ ബാധയില്ലെന്ന് കണ്ടെത്തിയത്. ജില്ലയിൽ നിപ ബാധയുണ്ടെന്ന തരത്തിൽ രണ്ടു ദിവസമായി നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു.
കേണിച്ചിറ സ്വദേശി അർബുദരോഗത്തെ തുടർന്ന് കഴിഞ്ഞദിവസം മരിച്ചിരുന്നു. താഴമുണ്ട ഉള്ളറാട്ട് കോളനിയിലെ ചാത്തിയാണ് (60) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരിക്കെ നിപ വൈറസ് ബാധയുണ്ടായെന്ന് സംശയിച്ചാണ് സാമ്പിളെടുത്തത്. നിപയുടെ ചെറിയ അംശം ഉണ്ടെങ്കിൽ പോലും ഫലം പോസിറ്റിവാകുമായിരുന്നു. നെഗറ്റിവായതിനാൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചാത്തിയുടെ വീട്ടുകാർ, ആശുപത്രിയിലെത്തിച്ചവർ, ആംബുലൻസ് ൈഡ്രവർ, ചികിത്സിച്ച കേണിച്ചിറ ആശുപത്രിയിലെ ജീവനക്കാർ എന്നിവരൊക്കെ ഏതാനും ദിവസംകൂടി നിരീക്ഷണത്തിലായിരിക്കും. നിപ ബാധിച്ചാൽ അഞ്ച് മുതൽ 10 ദിവസത്തിനകമാണ് ലക്ഷണങ്ങൾ കാണിക്കുക. ചിലപ്പോൾ ഒരുമാസം വരെയാകാനും സാധ്യതയുണ്ടെന്ന് കേണിച്ചിറ സി.എച്ച്.സി അധികൃതർ പറഞ്ഞു. പുൽപള്ളി മുള്ളൻകൊല്ലി ഭാഗത്തുനിന്ന് അയച്ച സാമ്പിളും നെഗറ്റിവാണ്.
അതിനിടെ, പനമരത്തുനിന്ന് പനി ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി പേരാമ്പ്രയിൽനിന്ന് വന്നതാണെന്ന് അറിയിച്ചത് ആശങ്കക്കിടയാക്കി. ഇയാളുടെ സാമ്പിളും പരിശോധനക്കയച്ചു. കൂടുതൽ അന്വേഷണത്തിൽ ഇയാൾ പേരാമ്പ്ര, മലപ്പുറം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ആശങ്ക നീങ്ങിയത്. പ്രതിരോധ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും തുടരും. ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
കൊൽക്കത്തയിൽ മലയാളി ജവാൻ മരിച്ചത് നിപ മൂലമല്ല
കൊൽക്കത്ത: അവധിക്ക് കേരളത്തിലെത്തി മടങ്ങിയശേഷം കൊൽക്കത്തയിൽ പനിമൂലം മരിച്ച മലയാളി ജവാന് നിപയായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിെൻറ ശരീരസ്രവം പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിെൻറ ഫലം നെഗറ്റിവാണെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. കരസേനയുടെ ഇൗസ്റ്റേൺ കമാൻഡിൽ ജവാനായിരുന്ന സീനു പ്രസാദാണ് (27) മേയ് 25ന് കൊൽക്കത്തയിലെ സൈനിക ആശുപത്രിയിൽ മരിച്ചത്. ഒരുമാസത്തെ അവധിക്കുശേഷം 13ന് തിരിച്ചെത്തിയതു മുതൽ പനി ബാധിതനായിരുന്ന സീനുവിെൻറ നില വഷളായതിനെ തുടർന്നാണ് 20ന് ആശുപത്രിയിലേക്ക് മാറ്റിയത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിൽ വന്നുമടങ്ങിയപ്പോഴാണ് പനി ബാധിതനായത് എന്നതിനാൽ അധികൃതർ സ്രവം നിപ പരിശോധക്ക് അയക്കുകയായിരുന്നു.
ബാലുശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരെൻറ മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്
ബാലുശ്ശേരി: കഴിഞ്ഞ ദിവസം മരിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരൻ വേട്ടാളി ബസാറിലെ പിള്ളാടക്കണ്ടി രഘുനാഥിെൻറ (48) പരിശോധനാഫലം നെഗറ്റിവ്, മരണം ഹൃദയാഘാതം മൂലെമന്ന് റിപ്പോർട്ട്. ഒ.പി. കൗണ്ടറിലെ താൽക്കാലിക ജീവനക്കാരനായ രഘുനാഥ് ശനിയാഴ്ച വൈകീട്ട് സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
മരണം നിപ ബാധമൂലമെന്ന ആശങ്കയെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം സ്രവം പരിശോധനക്ക് മണിപ്പാലിലെ വൈറോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഫലം നെഗറ്റിവായ സാഹചര്യത്തിൽ ആശങ്കക്ക് ഇടയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ രണ്ടുപേർ നിപ ബാധിച്ച് മരിച്ച സാഹചര്യത്തിലായിരുന്നു രഘുനാഥിെൻറ മരണത്തിൽ ആശങ്ക പരന്നത്. മൃതദേഹം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.