ജാഗ്രതൈ; കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം വരെ നിപ വൈറസ് സാന്നിധ്യം
text_fieldsകോഴിക്കോട്: കേരളത്തിൽ തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വവ്വാലുകളിൽ നടത്തിയ പഠനം ആശങ്കക്കിടയാക്കുന്നു. കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം വരെ നിപ വൈറസ് സാന്നിധ്യമുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നിപ പടർന്നത് വവ്വാലുകളിൽ നിന്നാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വവ്വാലുകളിലും മനുഷ്യരിലും കണ്ടെത്തിയ വൈറസുകൾ സമാനമാണ്. അതിനാൽ വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് നിപ വൈറസ് പടരുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. അതിനാൽ തന്നെ വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
കേരളത്തിൽ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വൻതോതിൽ വർധിക്കുന്നതായി പഠനം. ഫെബ്രുവരിയിൽ നിന്ന് സെപ്റ്റംബറിലെത്തുമ്പോഴേക്കും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം ഒമ്പത് ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർന്നതായി നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് 2023ൽ ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. കോഴിക്കോട്, വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വവ്വാൽ സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഫെബ്രുവരിയിൽ ഒമ്പത് ശതമാനവും ജൂലൈയിൽ 24 ശതമാനവും സെപ്റ്റംബറിൽ 28 ശതമാനവുമായിരുന്നു പഠനപ്രകാരം വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം. ഫെബ്രുവരിയിൽ പരിശോധിച്ച 88 സാമ്പിളുകളിൽ 8 ഉം ജൂലൈയിൽ 74ൽ 18 ഉം, സെപ്റ്റംബറിൽ 110ൽ 31 വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പഠനത്തിൽ വ്യക്തമാക്കുന്നു.
കോഴിക്കോട് രോഗം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങൾക്ക് 40-60 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നാണ് വവ്വാൽ സാമ്പിളുകൾ ശേഖരിച്ച് പഠനവിധേയമാക്കിയത്. 2019 ലും 2021 ലും കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് വവ്വാലുകളിൽ നടത്തിയ പഠനത്തിൽ 20-21 ശതമാനം വരെ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ നിന്നായിരുന്നു ഫെബ്രുവരിയിൽ സാമ്പിൾ ശേഖരിച്ചത്. ജൂലൈയിൽ കോഴിക്കോട് ജില്ലയിലെ മണാശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നും സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിലെ കല്ലാട്, തളീക്കര, കുറ്റ്യാടി, പേരാമ്പ്ര, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുമാണ് വവ്വാൽ സാമ്പിൾ ശേഖരിച്ചിരുന്നത്.
കേരളത്തിൽ നാട്ടുപഴങ്ങളുടെ വിളവെടുപ്പ് കാലവും വവ്വാലുകളുടെ പ്രജനന കാലവും ഒരേ സീസണിലാണ്. കേരളത്തിൽ നിപ മനുഷ്യരിലേക്ക് പടർന്നത് വവ്വാലുകളിൽ നിന്നാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ പടർന്നു എന്ന് കണ്ടെത്തിയിട്ടില്ല. എങ്കിലും പഴങ്ങളിൽ നിന്നാണ് പടർന്നതെന്നാണ് അനുമാനം. അതിനാൽ വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും വവ്വാലുകളെ പ്രകോപിപ്പിക്കുന്നതിൽ നിന്ന് ജനം വിട്ടുനിൽക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

